പൊതുജനാരോഗ്യം അപകടകരമായ അവസ്ഥയിലെന്ന് വി.ഡി. സതീശൻ

കൊച്ചി: പൊതുജനാരോഗ്യം അപകടകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിപ ബാധിച്ച് ഒരു കുട്ടി മരിച്ചെന്നത് സങ്കടകരമായ വാര്‍ത്തയാണ്. സാംക്രമിക രോഗങ്ങളൊന്നും കേരളം വിട്ടു പോയിട്ടില്ലെന്നതിന്റെ അപകടകരമായ സൂചന കൂടിയാണിത്. അതുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതും അപകടകരമായ നിലയിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യം തകരുന്നതും സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ക്രിയാത്മകമായ പ്രതികരണമല്ല ഉണ്ടായത്. അവാര്‍ഡ് കിട്ടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടാവസ്ഥയിലായതിന് പ്രധാന കാരണം മാലിന്യ നീക്കം നിലച്ചതാണ്. മഴക്കാല പൂര്‍വശുചീകരണം നടക്കാത്തതിന്റെ ഗതികേടാണ് കേരളം അനുഭവിക്കുന്നത്. രോഗങ്ങള്‍ തടയുന്നതിന് ആവശ്യമായ ഒരു പ്രതിരോധവുമില്ല. കോവിഡ് ഉള്‍പ്പെടെ എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്.

എന്തെങ്കിലും തരത്തിലുള്ള ഡാറ്റ ശേഖരണമോ പരിശോധനയോ നടക്കുന്നില്ല. കോവിഡിനും മലമ്പനിക്കും കോളറയ്ക്കും ഷിഗെല്ലയ്ക്കും മഞ്ഞപ്പിത്തത്തിനും പുറമെ നിപ കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. അപകടകരമായ ചില മുന്നറിയിപ്പുകളാണ് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത്. അടിയന്തിരമായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മാരക രോഗങ്ങള്‍ പകരുന്നത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം. സര്‍ക്കാരിനെ കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

കോവിഡിന് ശേഷം കേരളത്തിലെ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചിട്ടും സര്‍ക്കാര്‍ അതേക്കുറിച്ച് ഒരു പഠനവും നടത്തിയില്ല. സര്‍ക്കാരിന്റെ കയ്യില്‍ ഒരു ഡാറ്റയുമില്ല. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഴഞ്ഞു വീണ് മരിക്കുന്നത്. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. അതേക്കുറിച്ച് ചോദിച്ചാല്‍ ശത്രുക്കളോട് എന്ന പോലെയാണ് മന്ത്രി മറുപടി നല്‍കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. നിലവിലെ സാഹചര്യത്തിന്റെ അപകടം മനസിലാക്കിയുള്ള ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

പൊതുജനാരോഗ്യ രംഗത്തെ അപകടാവസ്ഥ മനസിലാക്കാന്‍ ആ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി യു.ഡി.എഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതിനുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടാവസ്ഥയിലാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതുന് പിന്നാലെയാണ് ഇടതു സഹയാത്രികനായ ഡോ. ബി ഇക്ബാല്‍ സമാനമായ ആശങ്ക പങ്കുവച്ചത്. ഡോ.എസ്.എസ് ലാലും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. വിദഗ്ധവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.

കര്‍ണാടകയിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് മണ്ണിടിച്ചിലുണ്ടാകുമോയെന്ന ഭയവും ഉള്ളതിനാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. മഴ വിട്ടു നില്‍ക്കുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ഭയമാണ് രക്ഷാ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Public health is in a dangerous situation V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.