കൊച്ചി: സംസ്ഥാന സർക്കാർ അച്ചടി വകുപ്പിനെ നോക്കുകുത്തിയാക്കി സിൽവർ ലൈൻ പദ്ധതി വിശദീകരിക്കാനുള്ള 50 ലക്ഷം കൈപ്പുസ്തകം സ്വകാര്യമേഖലക്ക് വിടുന്നതിൽ വിവാദം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രസുകൾ സ്വന്തമായുള്ളപ്പോഴാണ് കൈപ്പുസ്തകം പ്രിൻറ് ചെയ്യാൻ അച്ചടി സ്ഥാപനങ്ങളിൽനിന്ന് ഇ-ടെൻഡർ ക്ഷണിച്ചത്. എല്ലാ വകുപ്പുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും അച്ചടി ജോലികൾ സർക്കാർ പ്രസുകളിൽ മാത്രം ഏൽപിക്കണമെന്ന 2019ലെ സർക്കുലർ മറികടന്നാണ് നടപടി.
സർക്കാർ പ്രസുകളിൽ അസൗകര്യമുണ്ടായാൽ സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ മറ്റിടങ്ങളിലേക്ക് അച്ചടി മാറ്റാൻ പാടുള്ളൂവെന്നും സർക്കുലർ നിഷ്കർഷിച്ചിരുന്നു. സർക്കാർ പ്രസുകളിൽ അത്യാധുനിക സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും അച്ചടി ജോലികൾ സർക്കാറിതര പ്രസുകളെ ഏൽപിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ പുറത്തിറക്കിയത്. ഇവയെല്ലാം നിലനിൽക്കുമ്പോഴാണ് 'സിൽവർ ലൈൻ അറിയേണ്ടതെല്ലാം' എന്ന കൈപ്പുസ്തകം അച്ചടിക്കാൻ ജനുവരി ആറിന് ഇ-ടെൻഡർ ക്ഷണിച്ചത്.
28നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി. 40 പേജുള്ള മൾട്ടി കളർ കൈപ്പുസ്തകം 50 ലക്ഷം കോപ്പിയാണ് പ്രിൻറ് ചെയ്യേണ്ടത്. ഒരു കോപ്പിക്ക് 50 രൂപയെങ്കിലും ചെലവ് വരുമെന്നാണ് മേഖലയിലുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
എറണാകുളത്തെ കെ.ബി.പി.എസ് അടക്കം കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലള്ള 11 പ്രസുകൾ നിലവിലുണ്ട്. 1300ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രസിൽ 2019ൽ അത്യാധുനിക സംവിധാനത്തോടെ ഓറിയൻറ് എക്സൽ വെബ് ഓഫ്സെറ്റ് മെഷീനടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം, ഷൊർണൂർ, തിരുവനന്തപുരം, വാഴൂർ എന്നിവിടങ്ങളിലെ പ്രസുകളിൽ വെബ് ഓഫ് സെറ്റ് മെഷീനുകളുണ്ട്. പാഠപുസ്തകങ്ങളും ലോട്ടറിയും കെ.ബി.പി.എസിലാണ് അച്ചടിക്കുന്നത്. ഗസറ്റുകളും സർവിസ് പെൻഷൻ ബുക്കുമടക്കം ഓൺലൈനിലേക്ക് മാറ്റപ്പെട്ടതോടെ സർക്കാർ മേഖലയിൽ പ്രധാനപ്പെട്ട പ്രിൻറിങ് ജോലികൾ ഇല്ലാതായി. സർക്കാർ പ്രസുകളിൽ കാര്യമായ തിരക്കുകളില്ലാതിരുന്നിട്ടും അച്ചടി വകുപ്പിനെ ഏൽപിക്കാതെ പ്രിൻറിങ് സ്വകാര്യമേഖലയിലേക്ക് കൊടുക്കുന്നത് ദുരൂഹമാണെന്നാണ് ആരോപണമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.