കാഞ്ഞങ്ങാട്: ഹോസ്ദുർഗിലെ സർക്കാർ അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് വിദ്യാർഥികൾ ആശുപത്രിയിൽ. ആശുപത്രിക്ക് തൊട്ടടുത്ത ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയാണ് അസ്വസ്ഥതയും ശ്വാസതടസ്സവുമായി കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്പതോളം വിദ്യാർഥികൾ ജില്ല ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലുമായി ചികിത്സതേടി. വ്യാഴാഴ്ച രാവിലെ 11.30ഓടെ ക്ലാസ് മുറിയിൽ ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ട ഏതാനും കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ കൂടുതൽ കുട്ടികൾ അസ്വസ്ഥരാവുകയും ചിലർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
തുടർന്ന്, മണിക്കൂറുകളോളം പരിഭ്രാന്തിയുടെ സമയമായിരുന്നു. പ്ലസ് വൺ, പ്ലസ് ടു, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. സ്കൂളിന്റെ മതിലിനപ്പുറമുളള ആശുപത്രിവളപ്പിൽ സ്ഥാപിച്ച 164 കിലോ വാട്ടിന്റെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾ ആശുപത്രിയിലായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത് ഇവിടെ സ്ഥാപിച്ചതെന്നാണ് സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. തകരാറുള്ള ജനറേറ്ററാണിതെന്ന് വ്യക്തമായിട്ടുണ്ട്.
രാവിലെ വൈദ്യുതിയില്ലാത്തതിനാൽ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ജനറേറ്ററിൽനിന്നുള്ള പുക ക്ലാസ് മുറിയിലെത്തിയതോടെയാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നമുണ്ടായതെന്ന് പി.ടി.എ പ്രസിഡന്റ് ബഷീർ ആറങ്ങാടി പറഞ്ഞു. മൂവായിരത്തോളം വിദ്യാർഥിനികൾ പഠിക്കുന്ന സ്കൂളാണിത്. ആശുപത്രിയുടെ വലിയ ജനറേറ്ററിൽനിന്നുള്ള പുക മുകളിലേക്ക് കടത്തിവിടാൻ സംവിധാനമൊരുക്കുന്നതിനുപകരം പുകപടലം സ്കൂൾ കോമ്പൗണ്ടിലേക്കെത്തുന്നത് ഭീഷണിയാകുന്നതായി സ്കൂൾ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വൈകീട്ടോടുകൂടി മിക്ക വിദ്യാർഥികൾക്കും ആശുപത്രി വിടാനായി. ആശുപത്രിയിലേക്കും സ്കൂളിലേക്കും ആളുകൾ കൂട്ടത്തോടെയെത്തിയപ്പോൾ പുതിയകോട്ടയിൽ ഗതാഗതസ്തംഭനവുമുണ്ടായി. ഇത് ഏറെനേരം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.