ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ നിയമിക്കും

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നും വനംവകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. വനസംരക്ഷണ സേനയെ ശക്തിപ്പെടുത്തുന്നതിനായി വനത്തിനുള്ളില്‍ അധിവസിക്കുന്ന ആദിവാസികളില്‍ നിന്നും യോഗ്യതയുള്ളവരെ കണ്ടെത്തി 500 പേരെയാണ് ബീറ്റ്‌ ഫോറസ്റ്റ് ഓഫിസര്‍മാരായി പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് വഴി നിയമിക്കുക.

കാടിനെ അറിയുന്ന, കാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പരിചിതരായ വനാശ്രിത വിഭാഗത്തില്‍പ്പെട്ടവരായ ആദിവാസി സമൂഹത്തില്‍ നിന്നും മിടുക്കരായവരെ തെരഞ്ഞെടുത്ത് വനസംരക്ഷണത്തിനായി നിയമിക്കുമ്പോള്‍ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇക്കോ ടൂറിസം പോലുള്ള പരിപാടികള്‍ വിജയിപ്പിക്കുന്നതിനും കൂടാതെ വന്യജീവി ആക്രമണം ചെറുക്കുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്.

വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിക്കുക. എസ്.എസ്.എല്‍.സിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും പാസ്സായവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. ഇതിന്‍റെ വിജ്ഞാപനം സംബന്ധിച്ച് ആദിവാസി സെറ്റില്‍മെന്‍റുകളില്‍ പ്രചാരണം നടത്തും. ദിവസവേതനാടിസ്ഥാനത്തില്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും അവിവാഹിതരായ അമ്മമാര്‍, അവരുടെ കുട്ടികള്‍, വിധവകളായ അമ്മമാരുടെ കുട്ടികള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കും.

Tags:    
News Summary - 500 Beat Forest officers will be recruited from the tribal community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.