തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾക്കായി നീക്കിവെച്ചിരുന്ന 1370 കോടി രൂപയിൽനിന്ന് 500 കോടി വെട്ടിക്കുറച്ച സർക്കാർ നടപടി കടുത്ത അനീതിയാണെന്ന് പട്ടികജാതി-വർഗ സംയുക്ത സമിതി. ദലിത് വിഭാഗത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന തരത്തിലുള്ള നടപടിയിൽനിന്ന് സർക്കാർ പിന്മാറണം.
ദളിത്-ആദിവാസി വിദ്യാർഥികൾക്ക് വർഷങ്ങളായി ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല. പട്ടികജാതി വിദ്യാർഥികൾക്കുള്ള ലംസം ഗ്രാൻഡ് 6.5 കോടി, ഹോസ്റ്റൽ ഗ്രാൻഡ് 23.15 കോടി, ഫെലേഷ് ഫെലോഷിപ് 2.5 കോടി, അക്കാദമിക് അലവൻസ് 5.5 കോടി, വിദ്യാർഥികൾക്കുള്ള ഫീസ് ഹോസ്റ്റൽ ഫീസ് 15.24 കോടി എന്നിവ ഉൾപ്പെടെ 548 കോടി രൂപയാണ് വിവിധ പദ്ധതിയുടെ കുടിശ്ശികയായി നൽകാനുള്ളത്.
പഠനത്തിനും കലാപ്രവർത്തനത്തിനും മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സ്വർണമെഡലും പ്രോത്സാഹന സമ്മാനത്തുകയും നൽകുന്നതും നിർത്തിവെച്ചു. ഈ നടപടിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സമിതി സംസ്ഥാന കോഓഡിനേറ്റർ ശ്രീകാര്യം ശ്രീകുമാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച തുക വെട്ടിച്ചുരുക്കിയെന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് മന്ത്രി ഒ.ആർ. കേളു. വകുപ്പിന്റെ ബജറ്റ് ശീര്‍ഷകത്തില്‍ അനുവദിച്ച തുകയില്‍ കുറവ് വരുത്തുകയല്ല, മുൻഗണനാക്രമം നിശ്ചയിക്കുക മാത്രമാണ് ചെയ്തത്. ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് ഇനത്തില്‍ വകയിരുത്തിയ 223 കോടി രൂപയും അധികമായി അനുവദിച്ച 110 കോടി രൂപയും വിനിയോഗിച്ചു. ഇതിനുപുറമേ 288 കോടി രൂപ കൂടി അനുവദിക്കുന്നത് സംബന്ധിച്ച ശിപാര്‍ശ ധനകാര്യ വകുപ്പ് പരിശോധിച്ചുവരികയാണ്.
പാലക്കാട് മെഡിക്കല്‍ കോളജ്, അംബേദ്കര്‍ ഗ്രാമവികസന പദ്ധതി, ഭവനനിർമാണം എന്നിവക്ക് ഈ വര്‍ഷം ആവശ്യമായിവരുന്ന തുക പുതുക്കുകയാണ് ചെയ്തത്. ലൈഫ് ഭവന പദ്ധതിയിലും ആവശ്യത്തിന് പണം നല്‍കുന്നതിന് ബുദ്ധിമുട്ടില്ല. ചികിത്സ ധനസഹായത്തിന് 65 കോടി രൂപ നല്കാൻ അനുമതി നല്കി. പുതുക്കിയ മുൻഗണനക്രമപ്രകാരം തുക പൂർണമായും വിനിയോഗിക്കുന്ന അവസരത്തില്‍ അധികതുക അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.