മാലിന്യ കൂമ്പാരത്തിൽ നിന്ന് ഹരിത കർമ സേന തെളിവുകൾ ശേഖരിക്കുന്നു

ആ മാലിന്യത്തിൽ ഉണ്ടായിരുന്നു, അരലക്ഷം പിഴ ചുമത്താനുള്ള തെളിവ്...

അരൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളരുതെന്നും പിടിച്ചാൽ പിഴയീടാക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളും സർക്കാറും കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ, പലരും അത് ഗൗനിക്കാറില്ല. തെളിവില്ലാത്തതിനാൽ നടപടിയും ഉണ്ടാകാറില്ല. എന്നാൽ, ദേശീയപാതക്കരികിൽ അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ തെക്കുഭാഗത്ത് പ്രവർത്തനരഹിതമായ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപം മാലിന്യം തള്ളിയയാൾക്ക് ഇത്തവണ പണി കിട്ടി.

ഇവിടെ മാലിന്യം തള്ളുന്നത് പതിവായ വിവരം കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. മാസങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കാത്തതിനെ തുടർന്ന് പിന്നെയും മാലിന്യം തള്ളുന്ന കാര്യവും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ചൊവ്വാഴ്ച രാവിലെ ഹരിത കർമ്മ സേന പ്രവർത്തകർ ഇവിടെ കൂട്ടിയിട്ട മാലിന്യചാക്കുകളിൽ പരിശോധന നടത്തി. കിറ്റുകളിൽ കണ്ടെത്തിയ വിലാസം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയയാളെ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറി പിഴയകടക്കാൻ നോട്ടീസ് നൽകി. അരൂർ പതിനേഴാം വാർഡിൽ കാളിയാർ മഠം ഉടമ ബിനീഷിന്റെ സ്ഥാപനത്തിൽനിന്നാണ് മാലിന്യം തള്ളിയത്. അമ്പതിനായിരം രൂപ അഞ്ചുദിവസത്തിനകം പിഴ അടയ്ക്കാനാണ് ഉത്തരവ്. കൂടാതെ മാലിന്യം തള്ളിയ സ്ഥലം ശുചീകരിക്കുന്നതിനും നിർദേശം നൽകി.

മാതൃകാപരമായ ശിക്ഷ നൽകാത്തതിനാലാണ് ആളൊഴിഞ്ഞ സ്ഥലം മാലിന്യം തള്ളൽ കേന്ദ്രമായി മാറിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഇവിടെ നിന്ന് മാലിന്യം നീക്കാൻ അരൂർ ഗ്രാമപഞ്ചായത്ത് നിരവധി തവണ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. വീണ്ടും മാലിന്യം കുമിഞ്ഞു കൂടുകയായിരുന്നു. കെൽട്രോൺ കവലയ്ക്ക് തെക്കുവശം ദേശീയപാതയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും പഞ്ചായത്ത് നടപടി ആരംഭിച്ചു. ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചില്ലെങ്കിൽ ഇനിയും മാലിന്യം തള്ളാൻ സാധ്യതയുണ്ടെന്ന് പരിസരവാസികൾ പറയുന്നു. മേഖലയിൽ അടിയന്തരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Tags:    
News Summary - 50000 fined for throwing garbage in open place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.