ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത സർക്കാരിന് നഷ്ടമായത് 5.25 കോടി; എ.ജി റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ തിരുവല്ല താലൂക്കിൽ സർക്കാരിന് നഷ്ടമായത് 5.526 കോടിയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. അനധികൃതമായി പാറ ഖനനം നടത്തിയവർക്ക് സീനിയോറേജ് ക്രമരഹിതമായി കുറച്ചു നൽകിയെന്നാണ് എ.ജിയുടെ പരിശോധനയിൽ കണ്ടെത്തിയത്.

1958ലെ കേരള ഭൂസംരക്ഷണ ചട്ടത്തിലെ നാല്(ഒന്ന്) പ്രകാരം സർക്കാർ ഭൂമിയും പുറമ്പോക്കും അനധികൃതമായി കൈവശം വെക്കുന്നത് തടയുക എന്നത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക കടമയാണ്. വില്ലേജ് ഓഫീസർമാർ പുറമ്പോക്ക് കൈയേറ്റത്തിന്റെ എല്ലാ കേസുകളും കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. കൈയേറ്റത്തിന്റെ കാലം, സ്വഭാവം, ഖനനം തുടങ്ങിയ ഭൂമിയുടെ മുഴുവൻ വിശദാംശങ്ങളും അടങ്ങിയ സ്കെച്ചുകളും മഹസറും റിപ്പോർട്ടിനൊപ്പം നൽകേണ്ടതാണ്.

തോട്ടപ്പുഴശ്ശേരി വില്ലേജിലെ സർവേ നമ്പർ 169/2 (ബ്ലോക്ക് നം. 24) ലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനധികൃത പാറ ഖനനം നടത്തിയിരുന്നു. ഇക്കാര്യത്തിൽ എ.ജെ. എബ്രഹാമും പി.എം. ഫിലിപ്പോസിനുമെതിരെ ഭൂസംരക്ഷണ കേസ് എടുത്തിരുന്നു. തഹസിൽദാർ (എൽ.ആർ) പുറപ്പെടുവിച്ച 2018 മാർച്ച് 23ന് എടുത്ത നടപടി പ്രകാരം പുറമ്പോക്ക് ഭൂമിയിൽ നിന്ന് ഇവർ 2,66,021 മെട്രിക് ടൺ പാറ അനധികൃതമായി വേർതിരിച്ചെടുത്തു.

1957ലെ ഭൂസംരക്ഷണ നിയമപ്രകാരം പുറമ്പോക്കിൽ നിന്ന് പാറ ഖനനം ചെയ്തതിന് മെട്രിക് ടണിന് രണ്ടു രൂപ നിരക്കിൽ 5.32 കോടി രൂപ സീനിയോറേജ് അടക്കണമെന്ന് തഹസിൽദാർ കക്ഷികൾക്ക് നിർദേശം നൽകി. തുടർന്ന് തഹസിൽദാറുടെ ഉത്തരവ് ചോദ്യം ചെയ്ത് കക്ഷികൾ സബ് കലക്ടർക്ക് അപ്പീൽ നൽകി. പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനധികൃതമായി പാറ ഖനനം ചെയ്തതിൽ തനിക്ക് പങ്കില്ലെന്ന് കക്ഷികൾ നിഷേധിച്ചു. അഞ്ച് -10 വർഷം മുമ്പ് മറ്റ് ചിലരാണ് അനധികൃതമായി പാറ ഖനനം നടത്തിയതെന്നും അവർ വാദിച്ചു.

2015ൽ വില്ലേജ് ഓഫീസർ അനധികൃത പാറ ഖനനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തഹസിൽദാർ ഭൂസംരക്ഷണ നിയമപ്രകാരം നടപടി ആരംഭിച്ചത്. റവന്യൂ അധികൃതരും സർവേയർമാരും സംയുക്തമായി നടത്തിയ പരിശോധനയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനധികൃതമായി പാറ ഖനനം ചെയ്തതായി സ്ഥിരീകരിച്ചു.

പത്തനംതിട്ടയിലെ ജിയോളജിസ്റ്റ് 2018 മാർച്ച് അഞ്ചിന് സ്ഥലപരിശോധന നടത്തി. ആ പരിശോധനയിലും 2,66,021 മെട്രിക് ടൺ പാറ അനധികൃത ഖനനം നടത്തിയെന്ന് കണ്ടെത്തി.

എന്നാൽ, എ.ജെ. എബ്രഹാമും പി.എം. ഫിലിപ്പോസും ഇക്കാര്യത്തിൽ സബ് കലക്ടർക്ക് അപ്പീൽ നൽകി. അതിനെ തുടർന്ന് കക്ഷികൾ അടയ്‌ക്കേണ്ട സീനിയോറേജ് 26.65 ലക്ഷമായി കുറച്ചു. അവർ 2019 ജനുവരി 23ന് 26.65 ലക്ഷം സീനിയറേജ് അയച്ച് കേസിൽ നിന്ന് തലയൂരി. സബ് കലക്ടർ പറയുന്നതനുസരിച്ച്, തഹസിൽദാർ പാറ ഖനനത്തിന്റെ കാലയളവ് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ്. എന്നാൽ, സീനിയോറേജ് ക്രമരഹിതമായി കുറക്കാനാവില്ലെന്നാണ് എ.ജിയുടെ നിലപാട്.

തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസർ 2015ന് മുമ്പുള്ള കാലയളവിൽ പുറമ്പോക്ക് ഭൂമിയിൽ അനധികൃത പാറ ഖനനം നടക്കുന്നതായി റിപ്പോർട്ടുണ്ട്. അന്നുതന്നെ 1958ലെ കേരള ഭൂസംരക്ഷണ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമായിരുന്നു. 2015ലാണ് അനധികൃതമായി പാറ ഖനനം നടന്നത് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്‌യ്തത്. ഖനനം നടന്ന കാലഘട്ടം തിരിച്ചറിയുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശരിയായ ശാസ്ത്രീയ സർവേ നടത്തിയില്ല.

സീനിയോറേജ് ക്രമരഹിതമായി കുറച്ചു നൽകിയപ്പോൾ സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടായി. ഏതാണ്ട് 5.25 കോടി രൂപ നക്ഷ്ടമായി. തഹസിൽദാർ 2018ലാണ് കൈയേറ്റക്കാരോട് 1957ലെ ഭൂസംരക്ഷണ നിയമത്തിലെ വകുപ്പ് ആറ് (രണ്ട്) പ്രകാരം മാത്രം സീനിയറേജ് നൽകാൻ നിർദേശിച്ചത്. നിയമത്തിലെ സെക്ഷൻ ആറ്(മൂന്ന്) പ്രകാരമുള്ള പിഴയും നാശനഷ്ടങ്ങളുടെ വിലയും (സീനിയോറേജിന് തുല്യമായ തുക) കൈയേറ്റക്കാർക്ക് അനാവശ്യ ആനുകൂല്യവും അനുവദിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.   

Tags:    
News Summary - 5.25 crore lost to the government due to mismanagement by officials; AG report out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.