കൊച്ചി: സംസ്ഥാനത്തെ ആയിരക്കണക്കിന് മദ്റസ അധ്യാപകർ ഓരോ മാസവും അനേകം കോടി രൂപ പെൻഷൻ പറ്റുന്നതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ ദുഷ്പ്രചാരണം നടത്തുന്നവർ ഒന്നറിയണം, ആ പെൻഷൻകാർ കേവലം 540 പേരാണ്. അതും 1000 രൂപ. മാർച്ച് വരെയുള്ള ഒരുവർഷത്തെ പെൻഷൻ കുടിശ്ശിക വാങ്ങാൻ ഇത്രയും പേരാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകിയത്. 1000 മദ്റസ അധ്യാപകർക്ക് സർക്കാർ പെൻഷൻ പദ്ധതി നടപ്പാക്കിയെങ്കിലും അവശേഷിക്കുന്നത് ഇവർ മാത്രമായി. കുറഞ്ഞത് 14,000 മദ്റസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ പെൻഷനല്ലാതെ ആർക്കും ശമ്പളമോ ആനുകൂല്യങ്ങളോ സർക്കാർ നൽകുന്നുമില്ല.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത പള്ളികൾക്ക് കീഴിലെ മദ്റസകളിൽ തുടർച്ചയായി 10 വർഷമെങ്കിലും അധ്യാപകരായാലേ പെൻഷന് അപേക്ഷിക്കാൻ കഴിയൂ. 60 വയസ്സ് പൂർത്തിയായ അപേക്ഷകരുടെ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയാകണം. രണ്ടുവർഷം മുമ്പ് 22,000 രൂപയായിരുന്നു പരിധി. 2018 ജൂലൈയിൽ പെൻഷൻ വാങ്ങുന്നവർ 800 പേരായി കുറഞ്ഞതോടെ ലൈഫ് സർട്ടിഫിക്കറ്റിനായി വഖഫ് ബോർഡിൽനിന്ന് ഓരോരുത്തർക്കും അറിയിപ്പ് പോയിരുന്നു. അവരിൽ പലതും ആൾ ജീവിച്ചിരിപ്പില്ലെന്ന് അറിയിച്ച് തിരിച്ചുവന്നു. 2020 മേയിൽ കൂടിയ അവസാന വഖഫ് ബോർഡ് യോഗത്തിൽ പുതിയ പെൻഷൻ അപേക്ഷ സ്വീകരിച്ചിട്ടില്ല. ആ വർഷത്തെ പെൻഷൻ കുടിശ്ശികയായതാണ് ഇതിന് കാരണം. സർക്കാർ ഫണ്ട് അനുവദിച്ചശേഷം പുതിയ അപേക്ഷ പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. ഇങ്ങനെ നൂറിലേറെ പെൻഷൻ അപേക്ഷ കെട്ടിക്കിടക്കുന്നു.
പ്രതിവർഷം 1.32 കോടിയാണ് വഖഫ് ബോർഡിന് സർക്കാർ നൽകുന്ന ഫണ്ട്. 2021 മാർച്ച് 30ന് രണ്ടുകോടി രൂപ സർക്കാർ അനുവദിച്ചതോടെയാണ് അതുവരെയുള്ള കുടിശ്ശിക തീർക്കാനായത്. നിലവിലുള്ളവർക്ക് പെൻഷൻ കൊടുത്തുതീർക്കാൻതന്നെ 65 ലക്ഷം വേണം.
പെൻഷൻ തീർക്കാൻ മുൻഗണന നൽകിയതോടെ നിർധന മുസ്ലിം സ്ത്രീകളുടെ വിവാഹ, ചികിത്സ ധനസഹായ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 2020 ഡിസംബർ വരെ ബോർഡിെൻറ സാങ്ഷൻ കമ്മിറ്റി പാസാക്കിയതും അല്ലാത്തതുമായ 1820 ചികിത്സ ധനസഹായ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. ഇത് തീർക്കാൻ 2.69 കോടി വേണം. പാസാക്കിയ 2010 വിവാഹ ധനസഹായ അപേക്ഷയും കെട്ടിക്കിടക്കുന്നു. 2020 ഡിസംബർ വരെ പാസാക്കിയിട്ടില്ലാത്ത 2150 വിവാഹ അപേക്ഷ വേറെയുമുണ്ട്. ഈ രണ്ടിനത്തിലുമായി തീർപ്പാക്കാൻ 6.85 കോടിയെങ്കിലും വേറെയും വേണം. മാർച്ചിൽ ലഭിച്ച ഫണ്ടിൽനിന്ന് പെൻഷൻ കുടിശ്ശിക തീർത്ത ശേഷം 700 വിവാഹ ധനസഹായ അപേക്ഷ മാത്രമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.