തിരുവനന്തപുരം: മൂന്ന് സർക്കാർ ലോ കോളജിലെ പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കിയുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) വിധി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 63 പ്രിൻസിപ്പൽ നിയമനങ്ങളെയും അസാധുവാക്കും. പ്രിൻസിപ്പൽ നിയമനത്തിന് യു.ജി.സി റെഗുലേഷൻ വ്യവസ്ഥകളിൽ വെള്ളംചേർത്ത് 2017 മാർച്ച് 19ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തന്നെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അസാധുവാക്കി. ഇൗ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് മൂന്ന് ലോ കോളജുകളിലും 63 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പ്രിൻസിപ്പൽ നിയമനം നടത്തിയത്.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിയമനം നേടിയ പ്രിൻസിപ്പൽമാരിൽ എതിർകക്ഷികളായി ചേർത്ത 12 പേരുടെ നിയമനം ഡിസംബർ 16ന് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ഇവരിൽ നാലുപേർ പ്രിൻസിപ്പൽമാരായി തുടരുകയാണ്. രണ്ടുപേർക്ക് വിധി വന്നശേഷം കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർമാരായി സ്ഥാനക്കയറ്റവും നൽകി. ഡോ. സുനിൽ ജോണിന് തിരുവനന്തപുരത്ത് വികാസ് ഭവനിലും ഡോ. വി. അനിൽകുമാറിന് എറണാകുളത്തുമാണ് നിയമനം നൽകിയത്. ഡോ.കെ.കെ. ദാമോദരൻ മലപ്പുറം ഗവ. കോളജ് പ്രിൻസിപ്പലായും ഡോ.വി.കെ. അനുരാധ ചിറ്റൂർ ഗവ. കോളജ് പ്രിൻസിപ്പലായും തുടരുകയാണ്.
കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിന് ആധാരമായ 2017ലെ ഉത്തരവ് തന്നെ അസാധുവാക്കിയതോടെ 63 കോളജ് പ്രിൻസിപ്പൽ നിയമനവും ഫലത്തിൽ അസാധുവാകും. ഇതേ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഗവ. ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ നിയമനവും അസാധുവാകും. 2010ലെ യു.ജി.സി റെഗുലേഷൻ നിശ്ചയിച്ച യോഗ്യതയിൽ വെള്ളം ചേർത്ത് 2017ൽ സർക്കാർ ഇറക്കിയ ഉത്തരവിലൂടെ സി.പി.എം അനുകൂല സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രിൻസിപ്പൽമാരായത്.
സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന വ്യവസ്ഥയാണ് ലംഘിച്ചത്. 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് തയാറാക്കിയ പട്ടികയിൽ സംഘടന നേതാക്കൾ പലരും പുറത്തായതോടെ ഇൗ പട്ടികയിൽ കയറിക്കൂടാൻ സഹായകമായ രീതിയിൽ സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.