അങ്കമാലി: അങ്കമാലി പൊലീസ് വെടിവെപ്പിന് ചൊവ്വാഴ്ച 64 വയസ്സ് തികയുന്നു. 1959 ജൂൺ 13ന് രാത്രി വിമോചന സമരത്തിൽ പങ്കെടുത്ത ജനക്കൂട്ടത്തിനുനേരെ അങ്കമാലി പട്ടണത്തിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 15 വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്.
ഇ.എം.എസ് സർക്കാറിന്റെ മദ്യനയം ഉൾപ്പെടെ നയനിലപാടുകൾക്കെതിരെയാണ് കേരളത്തിലുടനീളം സമരസമിതികൾ രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിക്കുന്നത്. കള്ളുഷാപ്പുകൾക്കു മുന്നിൽ ഉപരോധ സമരങ്ങളും അരങ്ങേറി. അതിനിടെ മറ്റൂർ കള്ളുഷാപ്പ് ഉപരോധിച്ച കുഞ്ഞപ്പൻ എന്ന 17കാരനെ അങ്കമാലി പൊലീസ് ക്രൂരമായി മർദിച്ചു.
ഇതേ തുടർന്ന് രാത്രി ഒമ്പതിന് പൊലീസ് സ്റ്റേഷൻ ഉപരോധം ലക്ഷ്യമാക്കി നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടന്നു.ജനക്കൂട്ടം പിന്തിരിയാതെ വന്നതോടെ പൊലീസ് 32 ചുറ്റുവെടി ഉതിർത്തു. ഇതിലാണ് അഞ്ചുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും മരിച്ചത്.
അന്നത്തെ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് കോൺഗ്രസ് നേതാവും മുൻ നഗരസഭ ചെയർമാനുമായ അഡ്വ. ഗർവാസീസ് അരീക്കൽ. ചൊവ്വാഴ്ച രാവിലെ ഏഴിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ റെക്ടർ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട് കുർബാന അർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.