കായൽപ്പൂരം: വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കേതിൽ ഫൈനലിൽ; ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയില്ല

ആലപ്പുഴ: കാണികളെ ആവേശക്കടലിലാഴ്ത്തി പുന്നമടക്കായലിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ, കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ ചുണ്ടൻ എന്നിവ ഫൈനലിൽ എത്തി. വീയപുരം ചുണ്ടനാണ് ഹീറ്റ്സിൽ മികച്ച സമയം കുറിച്ചത്(4.18.80).

മോശം കാലാവസ്ഥ മൂലം ഹെലികോപ്ടർ ഇറാക്കാൻ സാധിക്കാത്തതിനാൽ 69ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളം കളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.

വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിൽ ഇന്ന് രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരം തുടങ്ങാനിരിക്കെ മഴ ശക്തമായത് തിരിച്ചടിയായി.

19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയിൽ പ​ങ്കെടുക്കുന്നത്. അഞ്ച് ഹീറ്റ്സുകളിൽ ഏറ്റവും മികച്ച വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. ഹൈകോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്.

Tags:    
News Summary - 69th nehru trophy boat race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.