പാലക്കാട്: വ്യാജ ചികിത്സകർക്കെതിരെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സംഘടനക്ക് ഒരുമാസത്തിനിടെ ലഭിച്ചത് 80 പരാതികൾ.മറ്റൊരാളുടെ രജിസ്ട്രേഷനിൽ ചികിത്സിക്കുന്നവർ, വിദേശത്തുനിന്നെത്തിയവർക്കുള്ള പരീക്ഷ പാസാവാതെ ചികിത്സിക്കുന്നവർ, മെഡിക്കൽ പഠനം ഇടക്കുവെച്ച് ഉപേക്ഷിച്ചിട്ടും ചികിത്സ നടത്തുന്നവർ, ആശുപത്രി മാനേജ്മെന്റിന്റെ അംഗീകാരത്തോടെ ചികിത്സിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവരെക്കുറിച്ചുള്ള പരാതികളാണ് വ്യാജ ചികിത്സകർക്കെതിരെ കാമ്പയിൻ സംഘടിപ്പിച്ച ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ) ക്വാക്ക് സെല്ലിന് ലഭിച്ചത്. പത്തുവർഷത്തിലേറെ വ്യാജ ചികിത്സകരായി വിലസുന്നവരും ഉണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പേർ വിദേശത്ത് പോയി പഠിച്ചിട്ടുണ്ടെങ്കിലും ചികിത്സിക്കാൻ അംഗീകാരം ലഭിച്ചത് 3212 പേർക്ക് മാത്രമാണെന്ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കേരള മെഡിക്കൽ കൗൺസിലിന്റെ ചികിത്സ അംഗീകാരമില്ലാതെ നിരവധി ഡോക്ടർമാർ ചികിത്സിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ വസ്തുതകളിലേക്കാണ് വ്യാജ ചികിത്സകരുടെ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
19 പരാതികൾ കൊല്ലം ജില്ലയിൽനിന്നും 16 പരാതികൾ എറണാകുളം ജില്ലയിൽനിന്നും ലഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ തെളിവുകളും ഉറപ്പുമുള്ള കേസുകൾ അതത് പൊലീസ് സ്റ്റേഷനുകൾക്കും ജില്ല മെഡിക്കൽ ഓഫിസർമാർക്കും കൈമാറിയെങ്കിലും അധികൃതരിൽനിന്ന് കാര്യമായി സഹകരണം ലഭിച്ചില്ലെന്ന് ജി.പി.എ ഭാരവാഹികൾ ആരോപിച്ചു. അന്വേഷണം നടത്തി വ്യക്തമായ തെളിവുകളോടെ 20 പരാതികൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
കോതമംഗലം കുത്തുകുഴിയിലെ ആശുപത്രി ക്ലിനിക്കിൽ മൂന്നുവർഷമായി വ്യാജ ചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തതൊഴിച്ചാൽ കാര്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് ഭാരവാഹികളുടെ പരാതി. ഇതുവരെ ലഭിച്ച പരാതികൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ചിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെയും മറ്റു ഇതര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.
കേരളത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സകരാകാൻ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ മെഡിസിൽ പഠിച്ചവർക്ക് പോലും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ വേണമെന്നാണ് ചട്ടം. ക്വാക്ക് സെൽ ഫോൺ നമ്പർ: 77365 93003.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.