തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 94 വയസ്സ്. ആർഭാടമോ ആഘോഷങ്ങളോ ഇല്ലാതെ പതിവുപോലെയായിരിക്കും ഇത്തവണയും കാര്യങ്ങൾ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെന്നപോലെ ജീവിതചര്യയിലും ചിട്ട നിർബന്ധമാക്കിയ നേതാവാണ് വി.എസ്. ആ ചിട്ടയാണ് 94ാം വയസ്സിലും സഖാവിനെ സജീവരാഷ്ട്രീയരംഗത്ത് നിലനിർത്തുന്നതെന്ന് അദ്ദേഹത്തിെൻറ ഭാര്യ വസുമതി പറയുന്നു.
ഒരു കാലത്ത് ചെയിൻ സ്മോക്കറായിരുന്ന വി.എസ് ഇന്ന് പുകവലിക്കാറില്ല. ആസ്തമ കാരണം ബുദ്ധിമുട്ടിയപ്പോൾ ഇനി സിഗററ്റ് തൊടരുതെന്ന് ഡോക്ടറുടെ കർശന നിർദേശം. ആരുടെയും ഭീഷണിക്ക് വഴങ്ങാത്ത വി.എസ് പക്ഷേ സ്വന്തം ആരോഗ്യം കാക്കുന്നതിന് പുകവലി നിർത്തി.
പുലർച്ചെ 4.30ന് എഴുന്നേൽക്കും. പല്ല് തേച്ചശേഷം ഒരു ഗ്ലാസ് കരിക്കിൻ വെള്ളം. പ്രഭാതകൃത്യങ്ങൾക്ക് ശേഷം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സഹായികൾക്കൊപ്പം നടത്തം. അരമണിക്കൂർ വ്യായാമം നിർബന്ധം. കവടിയാറിലെ വീട്ടിലെത്തി പത്രവായന. പിന്നീട് കുളിയും യോഗയും. ശേഷം വെയിൽകായും. ഈ കാര്യങ്ങളിലൊന്നും ഒരു വീട്ടുവീഴ്ചക്കും എവിടെയായാലും വി.എസ് തയാറല്ല.
ഉച്ചക്ക് ഒരു മണിക്ക് തവിടുകളയാത്ത അരിയുടെ ചോറും കറികളും. പിന്നെ ഉറക്കം. കൃത്യം മൂന്നിന് എഴുന്നേൽക്കും. എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ്. പിറന്നാളിനോടനുബന്ധിച്ച് ഇന്ന് വീട്ടിലെത്തുന്നവർക്ക് പായസമുണ്ടാകുമെന്ന് ഭാര്യ വസുമതി പറയുന്നു. പ്രസ് ക്ലബിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് പിറന്നാൾദിനത്തിലെ പൊതുപരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.