കൊല്ലത്ത് ബിയർ കുടിച്ച 14കാരി സമനില തെറ്റി റോഡിലിറങ്ങി; യുവാക്കൾ മയക്കുമരുന്ന് നൽകിയെന്ന് വ്യാജപ്രചാരണം

അഞ്ചൽ: അയൽവീട്ടിലെ റഫ്രിജറേറ്ററിൽ നിന്ന് ബിയർ എടുത്ത് കഴിച്ച 14കാരിയുടെ സമനില തെറ്റി. റോഡിലിറങ്ങിയ കുട്ടിയെ പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി വീട്ടിലെത്തിച്ചു. ഇതിനിടെ, യുവാക്കൾ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് വ്യാജപ്രചാരണം നാടാകെ പരന്നു. ഏരൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുകയായിരുന്നു. ഇതിനി​ടെ പെൺകുട്ടി ബിയർ കഴിച്ച് റോഡിലിറങ്ങി മദ്യപാനികളേപ്പോലെ പെരുമാറുകയായിരുന്നു. പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി പെൺകുട്ടിയുടെ വീട്ടിലെത്തിച്ചശേഷം കതക് അടച്ചിട്ടു. ആരോ കാറിൽ കയറ്റിക്കൊണ്ടുപോയെന്നുള്ള വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു.

വാതിൽ തള്ളിത്തുറന്ന നാട്ടുകാർ ബോധരഹിതയായ പെൺകുട്ടിയെയാണ് കണ്ടത്. ഇതോടെ, യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന വാർത്ത പ്രചരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ എസ്.ഐ ശരലാലിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കിയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞില്ല. ബോധം വീണ്ടെടുത്ത ശേഷം പെൺകുട്ടിയോട് പൊലീസും ഡോക്ടർമാരും വിവരങ്ങൾ ചോദിച്ചുവെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.

ഇതേത്തുടർന്ന് പൊലീസ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. കൗൺസലിങ്ങിൽ താൻ ബിയർ കഴിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും പീഡിപ്പിച്ചില്ലെന്നും പെൺകുട്ടി തുറന്ന് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി വിശദമായി അന്വേഷണം നടത്തുകയും പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിലെത്തിച്ച യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും ചെയ്തു. 

Tags:    
News Summary - A 14-year-old girl consume beer and lost her balance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.