ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ബില്ലായി; ചുവപ്പു കാർഡിന് സഭ

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്ന കരട് ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.വിദ്യാഭ്യാസ വിദഗ്ധരെ പകരം ചാൻസലറായി നിയമിക്കാനാണ് വ്യവസ്ഥ. കരട് ബില്ലിൽ ധനകാര്യ മെമ്മോറാണ്ടം ഇല്ലാത്തതിനാൽ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമില്ല.

അധിക സാമ്പത്തിക ബാധ്യത വന്നാൽ ബിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതി വേണമായിരുന്നു. സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്നാണ് ചാൻസലറുമായി ബന്ധപ്പെട്ട ചെലവ് വഹിക്കുക. ഈ വിഷയത്തിൽ നേരത്തേ സർക്കാർ ശിപാർശ ചെയ്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതിൽ തീരുമാനം വരുംമുമ്പ് നിയമസഭ വിളിച്ച് ബിൽകൊണ്ട് വരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബില്ലിൽ ഗവർണറുടെ തീരുമാനം നിർണായകമാകും.

കേരള, മഹാത്മാഗാന്ധി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ശങ്കരാചാര്യ, മലയാളം, ഡിജിറ്റൽ, ഓപണ്‍, കാര്‍ഷികം, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യം, സാങ്കേതികം എന്നീ സര്‍വകലാശാല നിയമങ്ങളിലാണ് ഭേദഗതി വരുത്തുക.ചാൻസലറുടെ നിയമനം അഞ്ചു വർഷത്തേക്കായിരിക്കും. അതിനു ശേഷം ഒരു തവണ കൂടി പുനർനിയമനം നൽകാം. പരമാവധി 10 വർഷം വരെ മാത്രമേ കഴിയൂ. ചാൻസലർ ഓണററി പദവിയായിരിക്കും. ചാൻസലറുമായി ബന്ധപ്പെട്ട ചെലവുകൾ സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്നായിരിക്കും വിനിയോഗിക്കുക.

സർവകലാശാല ആസ്ഥാനത്തുതന്നെയാകും ചാൻസലറുടെ ഓഫിസ്. ആവശ്യമുള്ള ജീവനക്കാരെയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ചാൻസലർക്ക് സർക്കാറിന് കത്ത് കൊടുത്ത് രാജി നൽകാം. ചാൻസലറെ സർക്കാറിന് നീക്കം ചെയ്യാനും വ്യവസ്ഥയുണ്ട്. വൈസ് ചാൻസലർ സ്ഥാനത്ത് ആളില്ലാതെ വന്നാൽ പ്രോ വി.സിക്ക് ചുമതല നൽകാൻ ചാൻസലർക്ക് അധികാരമുണ്ടാകും. സമാന സ്വാഭാവമുള്ള സർവകലാശാലകൾക്കെല്ലാം കൂടി ഒരു ചാൻസലറാകും വരുക.

കാർഷികം, വെറ്ററിനറി, ആരോഗ്യം പോലുള്ളവക്ക് പ്രത്യേക ചാൻസലർ വരും.ഗവർണറും സർക്കാറും തമ്മിലുള്ള കനത്ത പോരിന്‍റെ വെളിച്ചത്തിലാണ് നിയമ നിർമാണത്തിലേക്ക് മന്ത്രിസഭ കടന്നത്. പല സംസ്ഥാനങ്ങളും സമാന ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടില്ല. പൂഞ്ചി കമീഷന്‍റെ ശിപാർശയാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായി സർക്കാർ പറയുന്നത്.

ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്ന്; ഗവർണർക്കെതിരായ ഹരജി ഹൈകോടതി തള്ളി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി വൈകിക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യുന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കുമെതിരായ നടപടിയാണ് ഗവർണറുടേതെന്ന് ആരോപിച്ച് അഭിഭാഷകനായ പി.വി. ജീവേഷ് നൽകിയ ഹരജി, ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

ബില്ലിൽ തീരുമാനമെടുക്കേണ്ടത് ഗവർണറുടെ ഭരണഘടനപരമായ ബാധ്യതയാണെന്നും അംഗീകാരം നൽകുന്നില്ലെങ്കിൽ നിയമസഭക്ക് തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് വിടുകയോ വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

Tags:    
News Summary - A bill to remove the governor from the post of chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.