കൊച്ചി: വയനാട് ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാൻ ബാങ്കുകൾ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് പാർലമെൻറിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി). കെ.സി. വേണുഗോപാല്‍ ചെയർമാനായ പി.എ.സിയുടെ കൊച്ചിയിൽ നടന്ന പ്രഥമ യോഗത്തിലാണ് ഈ നിർദേശം. മത്സ്യബന്ധന മേഖലയില്‍ ബാങ്കുകള്‍ നല്കുന്ന വായ്പതുക കുറവാണ്. മത്സ്യത്തൊഴിലാളികൾക്ക് വായ്പ നിഷേധിക്കാനോ കാലതാമസം വരുത്താനോ പാടില്ല. പരമ്പരാഗത മേഖലക്ക് ഊന്നല്‍ നല്കി കൂടുതല്‍ മുദ്രാ വായ്പകള്‍ ലഭ്യമാക്കണം.
തീരദേശ പരിപാലന നിയമത്തില്‍ സമാന സ്വഭാവമുള്ള പഞ്ചായത്തുകളെ തരം തിരിച്ചപ്പോഴുള്ള വേര്‍തിരിവ് അടിയന്തരമായി പരിഹരിക്കണം. നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗര സ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെകൂടി സി.ആര്.ഇസഡ് ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇതനുസരിച്ച നടപടി സ്വീകരിക്കാമെന്ന് സംസ്ഥാനം ഉറപ്പുനല്‍കി.
എറണാകുളം- അമ്പലപ്പുഴ തീരദേശ പാതയുടെ നിർമാണ ജോലികളും റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കലും വേഗത്തിലാക്കണമെന്ന് യോഗം നിർദേശിച്ചു. എറണാകുളം-കുമ്പളം- തുറവൂര്‍ 23 കി.മീറ്റര്‍ ഭൂമിയേറ്റെടുക്കല്‍ നവംബർ അവസാനത്തോടെ പൂർത്തീകരിക്കാമെന്ന് റെയില്‍വെ അറിയിച്ചു. യാത്രക്ലോശം പരിഹരിക്കണമെന്നും മെമു ട്രെയിനുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും പി.എ.സി ആവശ്യപ്പെട്ടു. പകരം ഗതാഗത മാർഗങ്ങൾ ഏർപ്പെടുത്താതെയും സർവീസ് റോഡുകൾ നിർമിക്കാതെയും ദേശീയപാത നിർമാണം ആരംഭിച്ചതാണ് കേരളത്തില്‍ ദേശീയപാത വികസനം നടക്കുന്ന സ്ഥലങ്ങളില്‍ യാത്രാക്ലേശം രൂക്ഷമാക്കിയത്.
നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണണെമന്നും സമിതി നിർദേശിച്ചു. റെയില്‍വെ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതല ഗതാഗതം എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ചെയർമാന് പുറമെ എം.പി.മാരായ ജഗദാംബിക പാല്, ഡോ. അമര്‍ സിംഗ്, ബാലഷോരി വല്ലഭനേനി, ഡോ.സി.എം. രമേഷ്, ശക്തിസിങ് ഗോഹില്‍, സൗഗതാറോയ്, തിരുച്ചി ശിവ, ജയപ്രകാശ്, അപരാജിത സാരംഗി എന്നീ അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.