ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചു; ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാന്‍സലറാക്കാമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറെ 14 സർവകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന്​ നീക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബിൽ​ യു.ജി.സി റെഗുലേഷനും സുപ്രീംകോടതി വിധിക്കും വിരുദ്ധമാണെന്ന പ്രതിപക്ഷ തടസ്സവാദങ്ങളെ തള്ളിയ സഭ, ബിൽ സബ്​ജക്ട്​​ കമ്മിറ്റിക്ക്​ വിട്ടു.

സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റുവത്​കരിക്കാൻ ലക്ഷ്യമിട്ടുള്ള ​ബിൽ യു.ജി.സി റെഗു​ലേഷന്​ വിരുദ്ധമാണെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്രോ ചാന്‍സലറായ മന്ത്രി, സർക്കാർ നിയമിക്കുന്ന ചാന്‍സലർക്ക്​ കീഴിലാകും. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെപോലും ചാന്‍സലറാക്കാം. സര്‍വകലാശാലകള്‍ സര്‍ക്കാർ വകുപ്പായി മാറും. ഇത് തട്ടിക്കൂട്ട് ബില്ലാണെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പുതുക്കിയ ധനകാര്യ മെമ്മോറാണ്ടം പ്രസിദ്ധീകരിക്കണമെന്നും തടസ്സവാദം ഉന്നയിച്ചുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി.സി. വിഷ്ണുനാഥ്, മാത്യു കുഴല്‍നാടൻ, ടി. സിദ്ധീഖ്​ എന്നിവരും തടസ്സവാദം ഉന്നയിച്ചു.

ഗവര്‍ണറുടെ അനുമതിയോടെയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി രാജീവ്​ പറഞ്ഞു. സംസ്ഥാന നിയമത്തിന്​ മുകളിൽ യു.ജി.സി റെഗുലേഷൻ നിലനിൽക്കുമോ എന്നതിൽ വ്യത്യസ്ത വിധികളുണ്ടെന്നും രാജീവ്​ പറഞ്ഞു. പ്രോട്ടോകോൾ ലംഘനം ഉൾപ്പെടെ പ്രശ്നങ്ങൾ സബ്​ജക്ട്​ കമ്മിറ്റി ചർച്ചയിൽ പരിഹരിക്കാനാകുമെന്ന്​ തടസ്സവാദം തള്ളി സ്​പീക്കർ എ.എൻ. ഷംസീർ റൂളിങ്ങിലൂടെ വ്യക്തമാക്കി.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ ചാന്‍സലറായി നിയമിക്കാൻ സർക്കാറിന്​ അധികാരം നൽകുന്നതാണ്​ ബിൽ. അഞ്ചു വര്‍ഷത്തേക്കായിരിക്കും ചാന്‍സലറുടെ നിയമനം. ഒരു അധിക കാലയളവിലേക്ക് പുനര്‍നിയമനത്തിനും അര്‍ഹതയുണ്ടാകും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായിരിക്കും ചാന്‍സലര്‍ പദവി. സർവകലാശാല വി.സി പദവിയില്‍ താല്‍ക്കാലിക ഒഴിവുണ്ടായാല്‍ ചാന്‍സലര്‍ പ്രോ വി.സിക്ക്​ ചുമതല നല്‍കണം.

പി.വി.സിയുടെ അഭാവത്തില്‍ മറ്റേതെങ്കിലും സര്‍വകലാശാല വി.സിക്ക് ചുമതല നല്‍കണം. ചാന്‍സലറുടെ ഓഫിസ് സര്‍വകലാശാല ആസ്ഥാനത്തായിരിക്കും. ഓഫിസിലേക്കുള്ള ജീവനക്കാരെ സര്‍വകലാശാല നല്‍കണം. ചാന്‍സലര്‍ക്ക് സര്‍ക്കാറിന് രേഖാമൂലം അറിയിപ്പ് നല്‍കി പദവി രാജിവെക്കാം. സാന്മാര്‍ഗിക ദൂഷ്യം ഉള്‍പ്പെടുന്ന കുറ്റത്തിനോ കോടതി തടവ് ശിക്ഷക്ക് വിധിക്കുന്ന കുറ്റത്തിനോ ചാന്‍സലറെ സര്‍ക്കാറിന് നീക്കം ചെയ്യാം.

ഗുരുതര പെരുമാറ്റ ദൂഷ്യം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും മതിയായ കാരണങ്ങളിന്മേലോ ഉത്തരവിലൂടെ ചാന്‍സലറെ സര്‍ക്കാറിന് പദവിയില്‍നിന്ന് നീക്കാം. ആരോപണങ്ങള്‍ സുപ്രീംകോടതി/ ഹൈകോടതി ജഡ്ജി ആയിരുന്നയാള്‍ അന്വേഷണം നടത്തി തെളിയിക്കണം. ചാന്‍സലര്‍ക്ക് പറയാനുള്ളത് വിശദീകരിക്കാന്‍ അവസരം നല്‍കുകയും വേണം.

Tags:    
News Summary - A bill was introduced to remove the Governor from the position of Chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.