തിരുവനന്തപുരം: ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ഇറക്കി. മാര്‍ച്ച് 16നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയത്.
ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വില്‍ക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ 2019ലെ ചട്ടം നാല്, 2016-ലെ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആൻഡ് ഡെവലപ്‌മെന്‌റ്) നിയമം വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
അതതു പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലും പ്രസ്തുത സര്‍ക്കുലര്‍ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്. ചട്ടപ്രകാരമുള്ള വികസന അനുമതിപത്രമോ (ഡെവലപ്‌മെന്‌റ് പെര്‍മിറ്റ്) ലേ ഔട്ട് അനുമതിയോ കൂടാതെ തങ്ങളുടെ അധികാരപരിധിയില്‍ ഭൂമി പ്ലോട്ടാക്കി വിഭജിക്കുന്നുണ്ടെന്ന് ഏതെങ്കിലും രീതിയില്‍ ഒരറിയിപ്പ് കിട്ടിയാല്‍, 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 235 പ്രകാരമോ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 408 പ്രകാരമോ, അതതു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്റ്റോപ്പ് മെമോ നല്‍കേണ്ടതാണ്.
പ്ലോട്ട് വികസനത്തിനുള്ള വികസന അനുമതിപത്രം നല്‍കുമ്പോള്‍ അനുമതിപത്രത്തിന്‌റെ ഒരു പകര്‍പ്പ് അറിയിപ്പിനും മേല്‍നടപടിക്കുമായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിക്കും അയക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.