'നടിയോട് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടതിനെ ‌എതിർത്തു, സിനിമയിൽ നിന്ന് വിലക്കപ്പെട്ടു'; വെളിപ്പെടുത്തലുമായി സംവിധായക സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് വഴങ്ങാൻ സിനിമ മേഖലയിലെ പ്രമുഖൻ ആവശ്യപ്പെട്ടെന്നും, അതിനെ താൻ എതിർത്തതിന് പിന്നാലെ സിനിമയിൽനിന്നു വിലക്കിയെന്നും വെളിപ്പെടുത്തലുമായി സംവിധായക സൗമ്യ സദാനന്ദൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് സൗമ്യ ഇക്കാര്യം പറഞ്ഞത്. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് ഇതെന്നും സൗമ്യ പങ്കുവച്ചു. കുഞ്ചാക്കോ ബോബൻ നായകനായ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് സിനിമയിലെ ഒരു പവർ പേഴ്‌സൺ ആണ്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കില്‍ അത് കള്ളം പറയുകയാണ്. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ പറഞ്ഞു.

'എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി', എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രൊജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹേമ കമ്മിറ്റിക്ക് മുൻപിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

2018ലാണ് ആദ്യ സിനിമയായ 'മാംഗല്യം തന്തുനാനേന' ചെയ്തത്. അതിനു ശേഷം ഇതുവരെ തനിക്ക് അവസരങ്ങൾ ലഭിച്ചില്ല. 2019ൽ മാത്രം 10 പേരെയാണ് കണ്ടത്. അതിൽ എട്ടുപേരും എന്റെ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. രണ്ടു വനിതാ പ്രോഡ്യൂസർമാരെ സമീപിച്ചെങ്കിലും പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. 2020ല്‍ സിനിമ വിട്ടു. താന്‍ മനഃപൂര്‍വ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല -സൗമ്യ കുറിപ്പിൽ വ്യക്തമാക്കി. 

Tags:    
News Summary - Director Soumya Sadanandan facebook post Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.