ഇരിട്ടി (കണ്ണൂർ): ഉത്സവപ്പറമ്പിൽ കോഴി ലേലം വീറും വാശിയും നിറഞ്ഞ് കത്തിക്കയറി. പൂവൻകോഴിക്ക് വില 34,000 രൂപ. നാലു കിലോ തൂക്കമുള്ള പൂവൻകോഴിയാണ് ലേലത്തിൽ താരമായത്. ഉത്സവപ്പറമ്പിൽ നാടൻ പൂവൻകോഴിക്ക് ഭാഗ്യം തെളിഞ്ഞപ്പോൾ ഉത്സവ കമ്മിറ്റിക്കും കോളടിച്ചു.
ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് പൂവൻകോഴിക്ക് 34,000 രൂപ വിലയുണ്ടായത്. പത്ത് രൂപക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാൻ തുടങ്ങിയത്. ലേലത്തിൽ പങ്കെടുത്തവർ തമ്മിൽ വീറും വാശിയും നിറഞ്ഞ് കണ്ടുനിന്നവരെയും പങ്കെടുത്തവരെയും ആവേശം കൊള്ളിച്ച് ലേലം കത്തിക്കയറിയപ്പോഴാണ് ആയിരവും പതിനായിരവും കടന്ന് തുക ഇരട്ടിയായി കുതിച്ചുയർന്നത്.
ഒരു കോഴിക്ക് ഇത്രയും വലിയ തുക കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും ലേലത്തിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരാരും അണുവിട വിട്ടുകൊടുക്കാൻ തയാറായില്ല. വില ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1000 രൂപ നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികൾ സംഘങ്ങളായി മത്സരരംഗത്തിറങ്ങി. തെയ്യത്തിന്റെ പുറപ്പാട് ആരംഭിക്കാൻ സംഘാടകർ നിശ്ചയിച്ച സമയമായതോടെ റെക്കോർഡ് തുകയായ 34,000 രൂപക്ക് ടീം എളന്നർ എഫ്.ബി കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവൻകോഴിയെ സ്വന്തമാക്കി.
ഭാവന കലാകായിക കേന്ദ്രം പെരുമ്പറമ്പ്, ചേക്കൽ ബോയ്സ് പെരുവംപറമ്പ് എന്നിവർ സംഘം ചേർന്നും ഗോപി സേഠ്, രഘു മുക്കുട്ടി, പ്രസാദ് പെരുവംപറമ്പ് എന്നിവർ വ്യക്തികളായും തുടക്കം മുതൽ ഒടുക്കം വരെ ലേലത്തിൽ സജീവമായതോടെയാണ് വില കുതിച്ചുയർന്നത്.
ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. അശോകൻ, വി.കെ. സുനീഷ്, വി.പി. മഹേഷ്, കെ. ശരത്, എം. ഷിനോജ്, എം. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് മണിക്കൂർ മുടങ്ങാതെ ലേലം വിളിച്ച് ഉത്സവപ്പറമ്പിൽ വീറും വാശിയും ഉണ്ടാക്കിയത്.
ഉയർന്ന വിലക്ക് മുൻവർഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34,000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടാണെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.