കോഴിക്കോട്: അറബിക്കടലോരത്ത് രുചിയുടെ ആവേശത്തിര തീർത്ത ‘മാധ്യമം കുടുംബം’ റോസ് ബ്രാൻഡ് റൈസ് ദം ദം ബിരിയാണി പാചക മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ കോഴിക്കോട് ദയാപുരം സ്കൂൾ അധ്യാപികയും ഈസ്റ്റ് മലയമ്മ സ്വദേശിനിയുമായ പി. നെജിയ്യ ‘ബിരിയാണി ദം സ്റ്റാറായി’.
ഫസ്റ്റ് റണ്ണറപ് കണ്ണൂർ ചിറക്കൽ കുളം സ്വദേശിനി ഫെമി മുനീറാണ്. മലപ്പുറം ഐക്കരപ്പടി സ്വദേശി ഫാത്തിമ ഫിദ സെക്കൻഡ് റണ്ണറപും തലശ്ശേരി സ്വദേശി ജിഷ ബിജിത്ത് നാലാം സ്ഥാനവും നേടി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നടന്ന മേഖലതല മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളാണ് കലാശപ്പോരാട്ടത്തിൽ പങ്കെടുത്തത്.
5000 റസിപ്പികളിൽനിന്നാണ് 150 മത്സരാർഥികളെ തിരഞ്ഞെടുത്തത്. സ്വർണ നാണയങ്ങളടക്കം അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരാർഥികൾക്ക് സമ്മാനിച്ചത്. കോഴിക്കോട് ബീച്ചിലെ കെ.ടി.ഡി.സി വളപ്പിൽ പ്രത്യേകം സജ്ജമാക്കിയ അടുക്കളയിലാണ് ആവേശകരമായ തത്സമയ മത്സരം നടന്നത്. ബിരിയാണി തയാറാക്കാനുള്ള എല്ലാ സാധനങ്ങളും മത്സരവേദിയിൽ വിതരണം ചെയ്തു.
സെലിബ്രിറ്റി ഷെഫുകളായ ഷെഫ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് എന്നിവർ വിധികർത്താക്കളായി. രുചി മത്സരം കാണാൻ ആയിരങ്ങളാണ് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഒത്തുകൂടിയത്.
മത്സരത്തോടനുബന്ധിച്ച് വേദ മിത്ര ആൻഡ് ജാസിം ഒരുക്കിയ സംഗീത വിരുന്നുമുണ്ടായിരുന്നു. ജനകീയാഘോഷമായി മാറിയ ബിരിയാണി പാചക മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു.
പി.ടി.എ. റഹീം എം.എൽ.എ, ചെമ്മണൂർ ഗ്രൂപ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, റോസ് ബ്രാൻഡ് റീജനൽ ബിസിനസ് പാർട്ണർ നാരായൺ മെയ്തി, റോസ് ബ്രാൻഡ് ബിസിനസ് ഡെവലപ്മെന്റ് സി.കെ. ഷാഹിർ, പാരിസൺസ് ജി.എം ഷഹബാസ് അലി, കണ്ണങ്കണ്ടി മാനേജിങ് ഡയറക്ടർ പരീത് കണ്ണങ്കണ്ടി, ആംകോസ് പെയിന്റ്സ് മാർക്കറ്റിങ് മാനേജർ കെ.എച്ച്. സൈതലവി, ക്രിംബെറി ഓപറേഷൻ ഹെഡ് നഹാസ്, മിനോൾട്ട ഡയറക്ടർ അഖിൽ സലിം, കമ്പനി അഡ്മിൻ ഫാത്തിമ അലി, ലുലു ഗോൾഡ് ബ്രാഞ്ച് മാനേജർ സാജിർ, ഫാമിലി വെഡിങ് സെന്റർ മാർക്കറ്റിങ് മാനേജർ നിഷാദ്, നൈസ് ഹൽവ മാനേജിങ് ഡയറക്ടർ ഐ. നാജീബ്, കിച്ചൺ ട്രഷർ നോർത്ത് കേരള ഏരിയ സെയിൽസ് മാനേജർ പി. സനീഷ്, എക്സോ ഡിഷ് വാഷ് ഏരിയ സെയിൽസ് മാനേജർ ബബീഷ്, ലോറ ഗാർഡൻ മാനേജിങ് ഡയറക്ടർ ജസ്ലീം മീത്തൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.