നാലു വർഷം പുറത്ത്, വിരമിക്കൽ ദിവസം ജോലിയിൽ പുനഃപ്രവേശിച്ച് റിഫൈനറി ജീവനക്കാരൻ

കൊച്ചി: പുറത്താക്കപ്പെട്ട റിഫൈനറി ജീവനക്കാരന് നാലു വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ വിരമിക്കൽ ദിവസം ജോലിയിൽ പുനഃപ്രവേശനം. കൊച്ചി റിഫൈനറിയിലെ ക്രാഫ്‌ട്‌‌സ്‌മാനായിരുന്ന വെണ്ണല സ്വദേശി പി.എൻ. സുരേന്ദ്രൻ നായർക്കാണ് ഹൈകോടതിയുടെ ഇടപെടലിൽ പുനർ നിയമനം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകം വിരമിക്കുകയും ചെയ്തു.

സഹപ്രവർത്തകനോടു മോശമായി പെരുമാറിയെന്ന പരാതിയിലാണ് ഇദ്ദേഹത്തെ 2018ൽ ജോലിയിൽനിന്ന് പുറത്താക്കിയത്. ഇതിനെതിരെ നൽകിയ പരാതിയിൽ പുറത്താക്കിയ കാലത്തെ ആനുകൂല്യങ്ങളോടെ ജോലിയിൽ തിരിച്ചെടുക്കാൻ കേന്ദ്ര ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ 2021 സെപ്റ്റംബറിൽ ഉത്തരവിട്ടു.

ഇതിനെതിരെ കമ്പനി നൽകിയ ഹരജിയിൽ ജോലിയിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ ഹൈകോടതി സിംഗിൾബെഞ്ച് മാറ്റം വരുത്തി. തിരിച്ചെടുക്കുന്നതിന് പകരം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു ഉത്തരവ്. എന്നാൽ, സുരേന്ദ്രൻ നായർ അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചു.

ഇതേ തുടർന്ന് സിംഗിൾബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി മുഹമ്മദ്, നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജോലിയിൽ തിരിച്ചെടുക്കാനുള്ള കേന്ദ്ര ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉത്തരവ് പുനഃസ്ഥാപിക്കപ്പെട്ടതോടെ ജൂലൈ 29ന് ജോലിയിൽ പ്രവേശിക്കാൻ ഹരജിക്കാരൻ കമ്പനിയിലെത്തിയെങ്കിലും അധികൃതർ അനുവദിച്ചില്ല.

കമ്പനിയുടെ ഗേറ്റിൽനിന്ന് മടങ്ങേണ്ടി വന്ന സുരേന്ദ്രൻ നായർ തന്റെ വിരമിക്കൽ തീയതിയാണ് അന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. അദ്ദേഹത്തെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് വാക്കാൽ നിർദേശിച്ചു. തുടർന്നാണ് അന്നേ ദിവസം ഉച്ചയോടെ സർവിസിൽ തിരികെ കയറി മണിക്കൂറുകൾക്കകം വിരമിച്ചത്.

Tags:    
News Summary - A four-year legal battle; Cochin Refinery employee rejoining work on the day of retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.