കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി. വെമ്പല്ലൂർ തെക്കുടം ബസാറിൽ യുവാവ് മർദനമേറ്റ് മരിച്ച കേസിൽ സുഹൃത്തും ബന്ധുവും അറസ്റ്റിൽ. പി. വെമ്പല്ലൂർ സ്വദേശികളായ പണിക്കശ്ശേരി വീട്ടിൽ അനു എന്ന ഭാഗ്യരാജ് (41), കാവുങ്ങൽ വീട്ടിൽ അക്ഷയ് കൃഷ്ണ (22) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോഗ്രേയുടെ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പി. വെമ്പല്ലൂർ സുനാമി കോളനിയിൽ താമസിക്കുന്ന മാമ്പി ബസാർ സ്വദേശി കാവുങ്ങൽ പരേതനായ നടേശന്‍റെ മകൻ ധനേഷ് (36) മർദനമേറ്റ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ധനേഷും സുഹൃത്തുക്കളായ നാല് പേരും ചേർന്ന് ഞായറാഴ്ച ഉച്ച മുതൽ ധനേഷിന്‍റെ വീട്ടിൽവെച്ച് മദ്യപിച്ചിരുന്നു. ഇതിൽ മൂന്ന് സുഹൃത്തുക്കൾ പോയ ശേഷം ഭാഗ്യരാജും ധനേഷും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും തമ്മിൽ അടിപിടി നടക്കുകയും ചെയ്‌തു.
അടിപിടിയിൽ ധനേഷിന് നെറ്റിയിൽ പരിക്കേറ്റിരുന്നു. ഇതിന് ശേഷം നാല് മണിയോടെ ധനേഷ് സുഹൃത്തുക്കളായ ഷാഫി, സോനു, സുബിൻ എന്നിവരെയും കൂട്ടി ഭാഗ്യരാജിന്‍റെ വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ധനേഷിനോട് ആശുപത്രിയിൽ പോകാൻ നിർദേശിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശേഷം അഞ്ച് മണിയാടെ ഭാഗ്യരാജ് ബന്ധുവായ അക്ഷയ് കൃഷ്ണയെ വിളിച്ചു വരുത്തി കള്ള് ഷാപ്പിന് സമീപം നിന്നിരുന്ന ധനേഷിനെ മർദിക്കുകയായിരുന്നു. തുടർന്ന് റോഡിൽ ബോധരഹിതനായി വീണു കിടന്ന ധനേഷിനെ മതിലകം പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനകം ധനേഷ് മരിച്ചിരുന്നു. മർദനമേറ്റാണ് ധനേഷ് മരണപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.
തൃശൂർ റൂറൽ അഡീഷണൽ എസ്.പി. പ്രദീപ് വെയിൽസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ്, ഇൻസ്പെക്ടർമാരായ എം.കെ. ഷാജി, എം. ഷാജഹാൻ, ഇ.ആർ. ബൈജു, സാബു ജി, കെ.എസ്. സുശാന്ത്, എസ്.ഐമാരായ രമ്യ കാർത്തികേയൻ, ബിജു, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്.ഐ പി.സി. സുനിൽ, കൊടുങ്ങല്ലൂർ ഡെൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.