തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരിൽ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതിൽ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു. തുറവൂർ പഞ്ചായത്ത് കളരിക്കൽ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്ടാക്കൾ അടുക്കള വാതിലുകൾ കുത്തിത്തുറന്നത്.
കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. തുറവൂർ ആലുന്തറ വീട്ടിൽ ലീലയുടെ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് കിടപ്പുമുറിയിൽ കയറിയാണ് മാല പൊട്ടിച്ചത്. ഞെട്ടിയുണർന്നു ബഹളം വച്ചതോടെ സമീപവാസികൾ ഉണർന്ന് പരിശോധന നടത്തിയപ്പോഴാണ് മറ്റു വീടുകളുടെ അടുക്കള വാതിൽ പൊളിച്ചതും ചില വീടുകളിലെ വാതിൽ പൊളിക്കാനുള്ള ശ്രമം നടത്തിയതും കണ്ടെത്തിയത്.
തുറവൂർ കളരിക്കൽ മണ്ണാപറമ്പ് അരവിന്ദൻ, ഗാന പ്രിയയിൽ ശെൽവരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കൽ പ്രിയ എന്നിവരുടെ വീടുകളുടെ വാതിലുകളാണ് കുത്തിത്തുറന്നത്.
സമീപത്ത് സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടെ ചിത്രം ലഭിച്ചു. കുത്തിയതോട് പൊലീസും പഞ്ചായത്ത് അംഗം കെ.ആർ.രൺഷുവിന്റെ നേതൃത്വത്തിൽ പ്രദേശവാസികളും ചേർന്ന് പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പൊലീസും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീടുകൾ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.