കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണം നടന്ന് മണിക്കൂറുകൾക്കകം സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ പ്രസ്താവന ഏറ്റുപറഞ്ഞ് പി.പി. ദിവ്യയും. തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ദിവ്യയുടെ ജാമ്യാപേക്ഷയിൽ നടന്ന വാദങ്ങൾക്കിടെ ദിവ്യയുടെ അഭിഭാഷകനാണ് പാർട്ടി നിലപാട് ഏറ്റുപിടിച്ചത്.
അഴിമതിക്കെതിരെ സദുദ്ദേശ്യത്തോടെയാണ് ദിവ്യ സംസാരിച്ചതെന്നും യാത്രയയപ്പ് യോഗത്തിൽ അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ അഭിഭാഷകൻ ഇത്തരമൊരു പരാമർശം നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദിവ്യയുടെ ഉദ്ദേശ്യശുദ്ധി ശരിയെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് യാത്രയയപ്പ് വേദിയിൽ സംസാരിച്ചതിനെ മാത്രം തള്ളിപ്പറയുന്നത്.
ഒക്ടോബർ 15ന് നവീൻബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കി മണിക്കൂറുകൾക്കകം സി.പി.എം ജില്ല സെക്രട്ടേറിയറ്റും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ‘അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനമാണ് പി.പി. ദിവ്യ നടത്തിയത്. ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു’വെന്നാണ് സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ദിവ്യയെ സംരക്ഷിക്കുന്നുവെന്ന പ്രചാരണം വന്നതോടെ ഈ നിലപാട് കണ്ണൂർ ഘടകം ആവർത്തിച്ചിരുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്നും നവീന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പലതവണ പറയുകയും ചെയ്തു.
കലക്ടറുടെ മൊഴിയിൽ വിശ്വാസം ഇല്ലെന്ന് നവീന്റെ കുടുംബം
തലശ്ശേരി: തെറ്റുപറ്റിയെന്ന് എ.ഡി.എം പറഞ്ഞുവെന്ന കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി വിശ്വസിക്കാൻ കഴിയില്ലെന്ന് എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ ആദ്യം പറയാത്ത മൊഴിയാണ് പിന്നീട് നൽകിയതെന്നും കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്. റാൽഫ് വാദിച്ചു.
നവീന്റെ ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണ്. എ.ഡി.എം കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണവും തെറ്റാണ്. പമ്പുടമ പ്രശാന്തൻ മൊഴി കൊടുക്കുന്നതിനുമുമ്പും അതിന് ശേഷവുമുള്ള കലക്ടറുടെ ഫോൺവിളികൾ പരിശോധിക്കണം. സർക്കാർ ജീവനക്കാരനായ ഒരു വ്യക്തി പെട്രോൾ പമ്പ് തുടങ്ങാൻ സമീപിച്ചപ്പോൾ എന്തുകൊണ്ട് പി.പി. ദിവ്യ എതിർത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
പുതിയ അന്വേഷണസംഘം രൂപവത്കരിച്ച് ഇത്രനാളായിട്ടും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ നടത്തിയ അന്വേഷണത്തിൽ കലക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയശേഷം എഴുതിത്തയാറാക്കിയ മൊഴിയാണ് നൽകിയത്. പെട്രോൾ പമ്പ് ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ ആദ്യം പറഞ്ഞിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അഭിഭാഷകൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.