വടകര: പൊലീസ് കേസുകളിലൊന്നും ഉൾപ്പെടാത്ത വീട്ടമ്മയെ സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ചേർത്തതായി പരാതി. എടച്ചേരി സ്വദേശിനി ഷിമി കുന്നത്താണ് എടച്ചേരി പൊലീസിന്റെ സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ഇടംപിടിച്ചത്.
പട്ടികയിൽ ഉൾപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പൊലീസ് ആധാർ കാർഡ്, മൊബൈൽ നമ്പർ, ഫേസ്ബുക്ക് അക്കൗണ്ട്, കുടുംബ വിവരങ്ങൾ എന്നിവ ശേഖരിച്ചെന്ന് ഷിമി പറഞ്ഞു. ഭർത്താവ് കൊല്ലങ്കണ്ടി രജീഷിനെയും പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
വീട്ടിലെത്തി തങ്ങളുടെ കൈവശമുള്ള പട്ടികയിലെ ചിലരെ അറിയാമോ എന്ന് പൊലീസ് ചോദിച്ചു. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ കേസില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. അഞ്ചു വർഷം മുമ്പാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ഭർത്താവും മകനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ്. എന്നിട്ടും പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്ന് ഷിമി ചോദിക്കുന്നു.
ലഹരി ഗുണ്ടാ സംഘങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഗുണ്ടാ ലിസ്റ്റ് തയാറാക്കി വിവരം ശേഖരിക്കുന്നത്. ഷിമിയുടെ ഭർത്താവ് രജീഷ് കോഴിക്കോട് പോളിടെക്നിക്കിലെ ജീവനക്കാരനാണ്. തനിക്കെതിരെ അഞ്ച് പെറ്റി കേസുകൾ ഉണ്ടെന്ന് രജീഷ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ പിഴ ഒടുക്കി കേസിൽനിന്ന് ഒഴിവായി. നിരപരാധി ആണെന്ന് ഉറപ്പുള്ളതിനാൽ പിഴ അടച്ചില്ല. കേസ് കോടതിയിലാണ്. രാഷ്ട്രീയ നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ ഭാര്യയെയും കുടുംബാംഗങ്ങളെയും പൊലീസ് വേട്ടയാടുകയാണ്. ഭാര്യ ഗുണ്ടാ ലിസ്റ്റിൽ പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് രജീഷ് ആവശ്യപ്പെടുന്നു.
അതേസമയം, എടച്ചേരി പൊലീസ് സ്റ്റേഷനിൽ 15 പേർ സാമൂഹിക വിരുദ്ധരുടെ പട്ടികയിൽ ഉണ്ടെന്നും ഷിമി പട്ടികയിലില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തതെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.