തിരുവനന്തപുരം: കെ.എം.എസ്.സി.എൽ മരുന്ന് സംഭരണശാലകളിലെ ആവർത്തിച്ചിട്ടുണ്ടായ തീപിടിത്തം കഴിഞ്ഞ് ഒരു മാസമാകുമ്പോഴും കാരണമറിയാതെയും ഉത്തരമില്ലാതെയും ആരോഗ്യവകുപ്പ്. ദിവസങ്ങൾ നീണ്ട മൗനത്തിനൊടുവിൽ സംയുക്ത അന്വേഷണം നടക്കുന്നുണ്ടെന്നും വകുപ്പു സെക്രട്ടറി ഇവ ഏകോപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചെങ്കിലും ഇങ്ങനെയൊന്നിനെക്കുറിച്ച് വകുപ്പിൽ ആർക്കും ധാരണയില്ല.
ഉന്നത ഉദ്യോഗസ്ഥരാകട്ടെ കൈമലർത്തി. തിരുവനന്തപുരത്തെ തീപിടിത്തത്തിൽ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥന്‍റെ ജീവൻ പൊലിഞ്ഞിട്ടും അതിന്‍റെ ഗൗരവം പോലും നടപടികളിലില്ലെന്നതാണ് ദുരൂഹത കൂട്ടുന്നത്. മേയ് 17നാണ് കൊല്ലം ഉളിയക്കോവിലിലെ മരുന്ന് സംഭരണ ശാലക്ക് തീപിടിച്ചത്. മേയ് 23ന് തിരുവനന്തപുരത്തും മേയ് 27ന് ആലപ്പുഴയിലും സമാന നിലയിൽ തീ പടർന്നു.
കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടിയുടെയും ആലപ്പുഴയിൽ 15 ലക്ഷത്തിന്‍റെയും നഷ്ടമുണ്ടായിട്ടും സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കാതായതോടെ കാരണം തേടിയുളള അന്വേഷണവും പരിശോധനയും വഴിപാടായി.
ഡ്രഗ് കൺട്രോളറുടെ പരിശോധനയും രാസപരിശോധനയുമാണ് ആകെ പ്രഖ്യാപിച്ചത്. ഇതിൽ മന്ത്രിയുടെ സംയുക്താന്വേഷണ പ്രഖ്യാപനത്തിന് മുമ്പുതന്നെ ഡ്രഗ് കൺട്രോളറുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്ന് ആരോഗ്യവകുപ്പിന്‍റെ ആവർത്തിച്ചുള്ള വിശദീകരണം പൂർണമായും തള്ളുന്നതാണ് ഡ്രഗ് കൺട്രോളറുടെ റിപ്പോർട്ട്.
ശേഖരിച്ച സാമ്പിളുകൾക്ക് ഗുണനിലവാരമുണ്ട് എന്നായിരുന്നു ആ റിപ്പോർട്ട്. ക്ലോറിൻ സാന്നിധ്യം മാനദണ്ഡപ്രകാരമുള്ള 30 ശതമാനം അധികരിച്ചിട്ടില്ലെന്നും റിപ്പോർട്ട് അടിവരയിട്ടു. പൊലീസ് ഫോറൻസിക് ലാബിൽ നടക്കുന്ന രാസപരിശോധന ഫലം എന്ന് കിട്ടുമെന്ന് ഒരുറപ്പുമില്ല.
നടപടിക്രമങ്ങളനുസരിച്ച് ഫോറൻസിക് ലാബിൽ നിന്നുള്ള ഫലം സീൽ വെച്ച കവറിൽ കോടതിയിലാകും നൽകുക.
കെ.എം.എസ്.സി.എൽ ഗോഡൗണുകളിൽ മാത്രം തുടർച്ചയായി തീപിടിക്കുന്നത് മാത്രമല്ല, ഇതിലെ സമാനതകളാണ് സംശയം വർധിപ്പിക്കുന്നത്. മൂന്നിടത്തും രാത്രിയിലാണ് തീപിടിച്ചത്. കൊല്ലത്തെ തീപിടിത്തം മിന്നൽ മൂലമാണെന്നായിരുന്നു ആദ്യ വാദം. ഗോഡൗണിന്‍റെ ചുമരുകളിലൊന്നും വിള്ളലോ മിന്നലേറ്റ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നതോടെ കാരണങ്ങൾ മാറ്റിപ്പിടിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തമുണ്ടായ മരുന്നു ഗോഡൗണുകളിൽ അഗ്നിരക്ഷാസേന നേരത്തേ ഫയർ ഓഡിറ്റ് നടത്തി നോട്ടീസ് നൽകിയെങ്കിലും തുടർനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.