മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യം

ഫോട്ടോ: ഗോകുൽവയനാട് (വെഡ് ലോക്ക് ഫോട്ടോഗ്രാഫി) 

വയനാട് ദുരന്തബാധിതർക്ക് ആയിരം ചതുരശ്ര അടിയിൽ ഒറ്റനില വീട്; മുന്‍ഗണന വീട് നഷ്ടപ്പെട്ടവര്‍ക്കെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍‌ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.

എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കും. ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും.

സ്പെഷല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ രണ്ടിന് സ്കൂള്‍ പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്കൂള്‍ പുനര്‍നിര്‍മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുക കൂടി ചെയ്യും. സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.

കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും സ്പോണ്‍സര്‍ഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്പോണ്‍സര്‍മാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ബിനോയ് വിശ്വം (സി.പി.ഐ), ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, ടി. സിദ്ദിഖ് എം.എല്‍.എ, പി.എം.എ. സലാം (ഐ.യു.എം.എല്‍), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), കെ. വേണു (ആര്‍.എം.പി), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ - സെക്കുലര്‍), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), ഡോ. വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), പി.സി. ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ജി. പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍( ആര്‍എസ്പി - ലെനിനിസ്റ്റ്), മന്ത്രിമാരായ കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ.ആര്‍. കേളു, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - A one-storey house of one thousand square feet for Wayanad disaster victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.