കൊച്ചി: മുകേഷിനെ പണംചോദിച്ച് താൻ ബ്ലാക്മെയിൽ ചെയ്തെങ്കിൽ ശബ്ദസന്ദേശം പുറത്തുവിടട്ടെയെന്ന് പരാതിക്കാരിയായ നടി. ആരോപണം ഇരകളെ മാനസികമായി തളർത്താനാണ്. മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിന് നൽകി. തെളിവുകൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
സിനിമ മേഖലയിൽ ദുരന്തം അനുഭവിച്ച സ്ത്രീകളുണ്ട്. അവർക്ക് നീതി കിട്ടുമെന്ന സന്ദേശമാണ് സർക്കാറിൽനിന്നുണ്ടായത്. പൊലീസ് നടപടി വേഗത്തിലായത് ആശ്വാസമായി. നീതി കിട്ടുമെന്ന ബോധ്യം ഇരകൾക്കുണ്ടായി. സത്യസന്ധരായ ജനപ്രതിനിധികളെയാണ് ജനങ്ങൾക്ക് വേണ്ടത്; പൊയ്മുഖങ്ങളെയല്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
മുകേഷിൽനിന്ന് മോശം അനുഭവം ഉണ്ടായതിനുശേഷം താൻ മിണ്ടിയിട്ടില്ല. സിനിമയിൽ മോശമായ കാര്യങ്ങൾ നടക്കുന്നതായി ജനം അറിയണം. ഭീഷണി കാര്യമാക്കുന്നില്ല. ഏത് പ്രമുഖനായാലും പ്രശ്നമല്ല. നിയമപോരാട്ടത്തിന് തയാറാണ്. സത്യം കൂടെയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഏഴുപേർക്കെതിരെയും രഹസ്യമൊഴി കൊടുക്കുമെന്നും നടി പറഞ്ഞു.
തിരുവനന്തപുരം: മുകേഷ് എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തതിൽ ഇടതുപക്ഷ പ്രസ്ഥാനവും സി.പി.എമ്മും ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആർ. ബിന്ദു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിരവധി വനിതകൾ ആരോപണവുമായി എത്തുന്ന സാഹചര്യത്തിൽ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടാനും പാടില്ലെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.