പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറ്റിക്കയറ്റി

പൊന്നാനി: എട്ടുമാസം ഗർഭിണിയായ യുവതിക്ക് പൊന്നാനി ഗവ. മാതൃശിശു ആശുപത്രിയിൽ രക്തം മാറ്റിക്കയറ്റി. രക്തക്കുറവിനെ തുടർന്ന് തിങ്കളാഴ്ചയാണ് റുഖ്സാന എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം കയറ്റിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് വീണ്ടും രക്തം കയറ്റണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടു. ഈ സമയത്താണ് മറ്റൊരു ഗർഭിണിക്കായി എത്തിച്ച രക്തം റുഖ്സാനക്ക് മാറ്റിക്കയറ്റിയത്. ഒ നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റിവ് നൽകുകയായിരുന്നു. 15 മില്ലിയോളം കയറ്റിയതോടെ യുവതിക്ക് വിറയലും മറ്റ് അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ സ്ഥിതി ഗുരുതരമാണെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

പ്രഥമശുശ്രൂഷ നൽകിയയുടൻ മെഡിക്കൽ കോളജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രക്തം മാറ്റിക്കയറ്റിയതെന്ന് ബോധ്യമായത്. യുവതിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ പൊന്നാനി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഗുരുതര വീഴ്ച നടത്തിയ ഡോക്ടർക്കെതിരെയും രണ്ട് നഴ്സിങ് ജീവനക്കാർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

നാല് മണിക്കൂർ നീണ്ട സമരം ജില്ല മെഡിക്കൽ ഓഫിസറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. മെഡിക്കൽ ഓഫിസർ വിശദീകരണം തേടിയതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. അശ്രദ്ധമൂലമുണ്ടായ വലിയ പിഴവാണെന്നും ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികയും സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോ. ആശ അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും രണ്ട് നഴ്സിങ് ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നാണ് യു.ഡി.എഫ് കൗൺസിലർമാരുടെ ആവശ്യം. നടപടി വേണമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറവും ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു.

Tags:    
News Summary - A pregnant woman was given blood transfusion in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.