കൊല്ലങ്കോട്: മൂന്ന് ലക്ഷം രൂപ വില വരുന്ന യന്ത്രം എലികൾ നശിപ്പിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായി സംരംഭക. പുതുനഗരം നെല്ലിമേട്ടിലെ ജനസേവ ലാബിലാണ് സെൽ കൗണ്ടിങ് യന്ത്രത്തിനകത്ത് കയറിയ എലികൾ വയറും പൈപ്പുകളും സർക്യൂട്ട് ബോർഡും ഉൾപ്പെടെ കടിച്ച് നശിപ്പിച്ചത്. ലാബ് ഉടമ ഇന്ദുകല നഷ്ടപരിഹാരത്തിനായി നെട്ടോട്ടമോടുകയാണ്.
രക്തത്തിലെ വിവിധ ഘടകങ്ങൾ അളക്കുന്ന യന്ത്രം 2022 ജൂലൈയിലാണ് പട്ടികജാതി വകുപ്പിന്റെ സഹായത്താൽ മുദ്ര പദ്ധതിയിലൂടെ മൂന്ന് ലക്ഷം രൂപ പുതുനഗരം ബാങ്കിൽനിന്ന് വായ്പയെടുത്ത് വാങ്ങിയത്. തൊട്ടടുത്ത ദിവസം മുതൽ 6,300 രൂപ തിരിച്ചടവ് നടത്തിവരികയാണ്.
എലി കടിച്ച് നശിപ്പിച്ച യന്ത്രം പ്രവർത്തിക്കാത്തതിനാൽ ലാബ് പ്രവർത്തനം അവതാളത്തിലായി. വായ്പ തുകയിൽ ഇൻഷുറൻസ് ഈടാക്കുന്ന ബാങ്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ലാബ് ഉടമ തത്തമംഗലം സ്വദേശിനി സി. ഇന്ദുകല പരാതിയുമായി ബാങ്കിലും ഇതര ഓഫിസുകളിലും കയറിയിറങ്ങുകയാണ്.
ഉപഭോക്തൃ ഫോറത്തിലും ബാങ്ക് ഓംബുഡ്സ്മാനിലും പരാതി നൽകാനാണ് തീരുമാനം.യന്ത്രം അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ലക്ഷത്തിലധികം രൂപ വേണമെന്ന് ടെക്നീഷ്യൻമാർ അറിയിച്ചെങ്കിലും സാമ്പത്തിക വകയില്ലാതെ ദുരിതത്തിലാണ്. യന്ത്രം വാങ്ങിയ ബംഗളൂരുവിലെ ഏജൻസി ഗാ രന്റി നൽകിയെങ്കിലും എലി നശിപ്പിച്ചതിനാൽ കൈയൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.