ഒന്നായ് പൂജ്യത്തിലേക്ക്​; എച്ച്.ഐ.വി ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ 'ഒന്നായ് പൂജ്യത്തിലേക്ക്' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകള്‍ കേരളത്തിലേക്ക് കുടിയേറുമ്പോഴും സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാത്തത് എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു.

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. 'സമൂഹങ്ങള്‍ നയിക്കട്ടെ' എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. എച്ച്.ഐ.വി ബാധിതര്‍ക്കും രോഗബാധ സാധ്യത കൂടുതലുളളവര്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സമൂഹത്തിന് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുളളത്. ഈ വര്‍ഷത്തെ എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം പാലക്കാട് ജില്ലയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ പദ്ധതി, കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍, എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകള്‍ക്ക് സൗജന്യ പാപ്സ്മിയര്‍ പരിശോധന, ഭൂമിയുള്ളവര്‍ക്ക് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭ്യമാക്കല്‍ തുടങ്ങിയ പദ്ധതികളാണ് എച്ച്.ഐ.വി അണുബാധിതര്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍.

Tags:    
News Summary - A special campaign by the Department of Health to make HIV free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.