കണ്ണൂർ: ജമാഅത്തെ ഇസ്ലാമിയോട് ഒരു കാലത്തും സി.പി.എമ്മിന് ആഭിമുഖ്യമുണ്ടായിട്ടില്ലെന്ന് -എ. വിജയരാഘവൻ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സി.എം. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. കണ്ണൂർ പ്രസ് ക്ലബിെൻറ 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാതെ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഒളിച്ചോടേണ്ട കാര്യമൊന്നും കമ്യൂണിസ്റ്റുകാർക്കില്ല. സ്വർണക്കള്ളക്കടത്തിലടക്കം യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനുപകരം രാഷ്ട്രീയ ലാഭത്തിനായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ്.
ബി.ജെ.പിയിലേക്ക് പാലംകെട്ടാൻ പല നേതാക്കളും തുടങ്ങിയിട്ടുള്ള ശ്രമങ്ങൾ കോൺഗ്രസിനെ നാശത്തിലേക്ക് നയിക്കും. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കിയത് ബി.ജെ.പിക്ക് കരുത്തുപകരുന്നതാണ്. നേരത്തെ ജമാഅത്തെ ഇസ്ലാമിക്കെതിരെ കോൺഗ്രസും ലീഗുമെല്ലാമെടുത്തിരുന്ന നിലപാട് ഇതായിരുന്നില്ല. എന്നാൽ, ആ സംഘടനക്ക് ഇന്ന് എന്ത് മാറ്റമുണ്ടായെന്നുകൂടി യു.ഡി.എഫ് നേതൃത്വം പറയണം. ജമാഅത്തെ ഇസ്ലാമിയോട് ഒരു കാലത്തും സി.പി.എമ്മിന് ആഭിമുഖ്യമുണ്ടായിട്ടില്ല.
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നില്ലെന്നത് അവാസ്തവ പ്രസ്താവനയാണ്. എൽ.ഡി.എഫിനെ മുഖ്യമന്ത്രി തന്നെയാണ് നയിക്കുന്നത്. 36,000 ബൂത്തുകളിൽ വോട്ടർമാരെ അഭിമുഖീകരിച്ച് വെബിനാറിൽ മുഖ്യമന്ത്രി സംസാരിച്ചത് വലിയ വിജയമായിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ പരിമിതിയുള്ളതിനാലാണ് അദ്ദേഹം പൊതുയോഗങ്ങളിൽ പങ്കെടുക്കാത്തത്. വ്യക്തതയുള്ള രാഷ്ട്രീയമില്ലെന്നതാണ് യു.ഡി.എഫിെൻറ ദൗർബല്യം. അവസരവാദ രാഷ്ട്രീയമാണവർക്ക്. വോട്ടുകച്ചവടവും പരസ്പരം വോട്ട് മരവിപ്പിക്കലുമാണ് തെക്കൻ ജില്ലകളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ല നേതാക്കളായ എം.വി. ജയരാജൻ, കെ.പി. സഹദേവൻ എന്നിവരും സംബന്ധിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സബിന പത്മൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.