തൃശൂർ: വെൽഫെയർ പാർട്ടിയോടുള്ള നിലപാട് കോൺഗ്രസ് ജനങ്ങളോട് കൃത്യമായി പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിെൻറ വർഗീയ ധ്രുവീകരണ നീക്കത്തിന് കീഴ്പ്പെട്ടതാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് പറയുമ്പോൾ ലീഗിനെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
ലീഗ്-ജമാഅത്തെ ഇസ്ലാമി ബന്ധത്തിൻെറ ആപത്ത് സി.പി.എം നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. അടിസ്ഥാനപരമായി സംഭവിച്ചത് നയമുണ്ടാക്കിയത് ലീഗാണ്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോൺഗ്രസ് അംഗീകരിക്കുന്നത് പോലെയായി.
ഇത്തരമൊരു മുന്നണി ബി.ജെ.പിയുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിനാണ് സഹായമാവുക. യു.ഡി.എഫിെൻറ നിലപാടിനെ വിമർശിച്ചതിനാണ് മുഖ്യമന്ത്രിയെ വർഗീയവാദിയാക്കിയത്. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതക്കാണ് സഹായകമാകുക. സമൂഹത്തെ വർഗീയവത്‌കരിക്കുന്ന നിലപാട് സ്വീകരിച്ചവരെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകരിച്ചില്ല.
എൻ.സി.പി മുന്നണി വിടുമെന്ന കാര്യം സംബന്ധിച്ച് എൽ.ഡി.എഫിന് അറിവില്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവൻ പറഞ്ഞു. പാലാ സീറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. ചർച്ച തുടങ്ങാതെ ആർക്കൊക്കെ സീറ്റ്, എവിടെയൊക്കെയെന്നത് പറയുന്നതിലർഥമില്ല. മന്ത്രി ഇ.പി. ജയരാജെൻറ പി.എയായ കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശൻ മാസ്റ്ററെ നീക്കിയതിൽ അസ്വാഭാവികതയില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സംഘടന ചുമതലകളുടെ ഭാഗമായാണതെന്നും വിജയരാഘവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.