തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മതമൗലികവാദികളുമായി കോൺഗ്രസ് കൂട്ടുകെട്ട് വിപുലപ്പെടുത്തുമോ എന്ന ന്യായമായ സംശയമാണ് ഉന്നയിച്ചതെന്ന് എ.വിജയരാഘവൻ പ്രതികരിച്ചു. മുസ്ലിംലീഗ് നേതാക്കളെ സന്ദർശിച്ചതിനെ വിമർശിച്ചത് അവർ ഒരുമിച്ചാണ് വെൽഫയർപാർട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് എന്നതിനാലാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ലീഗിനോടുള്ള സി.പി.എം നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. പത്തനംതിട്ടയിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയുണ്ടാക്കിയിട്ടില്ലെന്നും വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമാണെന്ന് വിജയരാഘവൻ ബുധനാഴ്ച പരാമർശിച്ചിരുന്നു.
''വർഗീയതക്കെതിരെ സി.പി.എം നിലപാട് വ്യക്തമാക്കിയതാണ്. കോൺഗ്രസും നിലപാട് വ്യക്തമാക്കണം. കേരളത്തിൽ കോൺഗ്രസ് മതാധിഷ്ഠിത ചേരിയുമായി കൂട്ടുകെട്ടിലേർപ്പെട്ടുകൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി സഖ്യം തുടരുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുസ്ലിംകൾക്കിടയിലെ മതാധിഷ്ഠിതമായി അണിനിരത്താൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം മുന്നണി രൂപീകരിച്ചത് കണ്ടുപിടിക്കെപ്പട്ടു. ജനം നിരാകരിച്ചിട്ടും കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി പിന്തുണ തുടരുകയാണ്.
മതപരമായ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ചേരിയെ എതിർക്കുന്നതിന് മറ്റൊരു മതമൗലികവാദ ചേരി ഉണ്ടാക്കുക എന്നനിലപാടല്ല സി.പി.എമ്മിന്. ഇന്ത്യയിൽ ഉറച്ച മതനിരപേക്ഷയുള്ള പാർട്ടിയാണ് സി.പി.എം. കോൺഗ്രസ് ബി.ജെ.പിയെ പലയിടത്തും സഹായിക്കുന്നു'' - വിജയരാഘവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.