തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ. പാർട്ടിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ സമചിത്തതയോടെയാണ് നേരിട്ടിട്ടുള്ളതെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്ക് നേരെയുള്ള അക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. അക്രമികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.
പുലർച്ചെ രണ്ട് മണിയോടെയാണ് സി.പി.എം. തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം കല്ലെറിയുകയായിരുന്നു. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാട് സംഭവിച്ചു. കാറിന്‍റെ ബോണറ്റിലാണ് കല്ല് പതിച്ചത്.
ബൈക്കിലെത്തിയ സംഘം വാഹനം നിർത്താതെ തന്നെ ഓഫിസിന് നേരെ കല്ലെറിഞ്ഞ ശേഷം തൈക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ആക്രമണ സമയത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ ഉറക്കത്തിലായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അക്രമികളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഓഫിസ് ജീവനക്കാരും ഉണ്ടായിരുന്നു. ഓഫിസിലെ സി.സി.ടിവിയിൽ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.