അടിവയറ്റിൽ അഞ്ച് കിലോ ഭാരമുള്ള ട്യൂമർ, തെരുവ് നായയെ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തു

കാസർഗോഡ്:  ട്യൂമർ ബാധിച്ച് വയർ ഭാഗത്ത് അഞ്ച് കിലോ ഭാരമുള്ള നീർവീക്കവുമായി തെരുവിലൂടെ നടക്കുന്ന മുത്തുമണി എന്ന തെരുവ് നായ കാസർഗോഡ് ചുള്ളിക്കര ഗ്രാമത്തിന് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. നായയെ രക്ഷിക്കാൻ നാട്ടുകാർ കൈകോർത്തതോടെ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയാണ് മുത്തുമണി.

നായയുടെ സ്ഥിതി കണ്ട് നാട്ടുകാർ രാജാപുരം മൃഗാശുപത്രിയിൽ നായയെ എത്തിച്ചിരുന്നു. സസ്തനഗ്രന്ഥിയിൽ ഉണ്ടായിരുന്ന ഝലം നീക്കം ചെയ്തെങ്കിലും ഒരാഴ്ചക്കകം നീർവീക്കം വീണ്ടും വന്നു.

ഇതോടെ നായയെ 40 കിലോമീറ്റർ അകലെയുള്ള ത്രിക്കരിപ്പൂർ മൃഗാശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയക്ക് ശേഷം നൽകേണ്ട പരിചരണ സൗകര്യവും ആഗിരണം ചെയ്യാവുന്ന തുന്നലുകളും ഇല്ലാത്തതിനാൽ ആളുകൾ തുന്നലുകൾ സ്പോൺസർ ചെയ്താൽ മാത്രമേ മുത്തുമണിയുടെ കേസ് ഏറ്റെടുക്കൂവെന്ന് മൃഗഡോക്ടർ അറിയിച്ചിരുന്നു. തുടർന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണനെ വിവരമറിയിക്കുകയും ത്രിക്കരിപ്പൂരിൽ നിന്ന് നായയെ എ.ബി.സി സെന്‍ററിലേക്ക് മാറ്റുവാനും ശസ്ത്രക്രിയ നടത്താൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

വെറ്റിനറി സർജൻ ഫാബിൻ എം. പൈലിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ട്യൂമർ നീക്കം ചെയ്തെന്നും മുത്തുമണി സുഖം പ്രാപിക്കുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - A village in Kasaragod comes together to save street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.