ഭരണപക്ഷത്തെ പ്രകോപിതരാക്കാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കാത്ത ആളാണ് മാത്യു കുഴൽനാടൻ. സ്വാശ്രയ കോളജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പിൽ അഞ്ചുപേരുടെ രക്തസാക്ഷിത്വം പരാമർശിച്ച കുഴൽനാടൻ ആ സമരത്തിന്റെ ചൂടാറും മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ മക്കളെ സ്വാശ്രയ കോളജിൽ പഠിപ്പിച്ചതെന്ന് ആരോപിച്ചു. ‘രക്തസാക്ഷി’ കവിതയുടെ രണ്ടു വരി ചൊല്ലി, ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പനെ ആദരിക്കുന്ന ആളാണെന്നു കൂടി പറഞ്ഞുവെച്ചു. ഭരണപക്ഷം സ്വഭാവികമായും പ്രകോപിതരായി. കൂത്തുപറമ്പ് സമരം തൊഴിലില്ലായ്മക്കും സ്വകാര്യവത്കരണത്തിനുമെതിരെയായിരുന്നെന്ന വാദം സി.പി.എമ്മിലെ കെ.വി. സുമേഷ് ഉയർത്തി. തൊഴിലില്ലായ്മക്കും സ്വകാര്യവത്കരണത്തിനുമെതിരെയോ... പ്രതിപക്ഷം വിളിച്ചു ചോദിച്ചു. സുമേഷിന്റെ വാദത്തിൽ വ്യക്തത വരുത്തി കൂത്തുപറമ്പ് സമരം എന്തിനു വേണ്ടിയായിരുന്നെന്ന് കെ. സചിൻദേവിനും ലിന്റോ ജോസഫിനും ഒടുവിൽ മന്ത്രി പി. രാജീവിനും വിശദീകരിക്കേണ്ടി വന്നു. പുഷ്പന്റെ പേര് ഉച്ചരിക്കാൻ പോലും കുഴൽനാടന് അർഹതയില്ലെന്നും അവർ പറഞ്ഞു.
വ്യവസായ വകുപ്പിന്റെ ബിൽ ചർച്ച കാടുകയറിയെങ്കിലും ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ബിൽ ചർച്ച വിഷയത്തിൽ ഒതുങ്ങി നിന്നു. ക്രിയാത്മക നിർദേശങ്ങൾ വന്നു. തർക്കങ്ങളോ വാഗ്വാദങ്ങളോ ഉണ്ടായില്ല. സ്വകാര്യ ആശുപത്രികളിലെ നടുവൊടിക്കുന്ന നിരക്കുകളെ കുറിച്ചായിരുന്നു ആശങ്ക. ഒരു പ്രാവശ്യം മരുന്ന് നൽകുന്നതിന് 100 രൂപ നഴ്സിങ് ചാർജ് ഈടാക്കി പകൽക്കൊള്ള നടത്തുന്നവരുണ്ടെന്ന് പി.വി. ശ്രീനിജൻ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും മെഡിക്കൽ ഫയലുകൾ ആശുപത്രികൾ സ്വകാര്യ സ്വത്തായി സൂക്ഷിക്കുന്നതിനെതിരെയും ചോദ്യമുയർന്നു.
പെരുമഴ പെയ്ത് തോർന്നതുപോലെയായിരുന്നു ശൂന്യവേളയിൽ സഭാതലം. പൂരം കലക്കലും എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയും മലപ്പുറം വിവാദവുമൊക്കെ കത്തിപ്പടർന്ന മൂന്നുദിനങ്ങൾക്ക് ശേഷം. ഇറങ്ങിപ്പോക്കും ചില്ലറ തർക്കങ്ങളുമൊഴിച്ചാൽ ശാന്തമായ ദിനം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രത്തിന്റെ വിവാദ നീക്കത്തിനെതിരെ പ്രമേയം പാസാക്കുന്നതിൽ സഭ ഒറ്റക്കെട്ടായി. പ്രതിപക്ഷവും ഭരണപക്ഷവും മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷത്തെ കെ.കെ. രമയുടെയും പി. ഷംസുദ്ദീന്റെയും ഭേദഗതികൾ സ്വീകരിക്കാനും ഭരണപക്ഷം തയാറായി.
കേരളീയത്തിന് പണമുണ്ട്, നവകേരള സദസ്സിന് പണമുണ്ട്, ഹെലികോപ്ടർ വാടകക്ക് എടുക്കാൻ പണമുണ്ട്, ലോക കേരള സഭക്ക് പണമുണ്ട്, അർജന്റീന ഫുട്ബാൾ ടീമിനെ കൊണ്ടു വരാൻ 100 കോടി ചെലവാക്കാൻ പണമുണ്ട്, എന്നിട്ടും ഏറ്റവും അവശ്യ മേഖലകളിൽ ഏതാനും തസ്തിക നിർമിക്കാൻ മാത്രം ധനവകുപ്പിൽ പണമില്ലേ എന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ച് പി.സി. വിഷ്ണുനാഥിന്റെ ചോദ്യം. തൊഴിലില്ലായ്മ റിപ്പോർട്ടിൽ കേരളം മുന്നിൽ വന്നതിനെക്കുറിച്ചും വിമർശനം ഉയർന്നെങ്കിലും അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊത്തിയില്ല. പുതിയ തസ്തിക നിർണയ ആവശ്യങ്ങളൊക്കെ നിഷ്കരുണം വെട്ടുന്ന ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിക്ക് വാരിക്കോരി തസ്തിക നൽകുമെന്ന് പറയാനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.