തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒരു തലമുറ മുഴുവൻ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്നമെന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ. ഏത് രാജ്യവും കേരളത്തേക്കാൾ മെച്ചമെന്ന് ചെറുപ്പക്കാർ കരുതുന്നുവെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി കുഴൽനാടൻ ചൂണ്ടിക്കാട്ടി.
നമ്മുടെ ചെറുപ്പക്കാരെ കൂടെ നിർത്താൻ കഴിയുന്ന ഒരു അന്തരീക്ഷ സംസ്ഥാനത്ത് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് നമ്മൾ നേടാൻ പോകുന്നതെന്നും കുഴൽനാടൻ ചോദിച്ചു.
'ലോകം മുഴുവൻ നീ നേടിയാലും നിന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം' എന്ന് ബൈബിളിൽ ഒരു വാചകമുണ്ട്. വാർധക്യത്തിൽ മക്കളുടെ സാന്നിധ്യമില്ലാത്ത മാതാപിതാക്കൾക്കേ അതിന്‍റെ വിഷമം മനസിലാകൂ. വേണമെങ്കിൽ എല്ലാം ഭദ്രമാണെന്ന് നമുക്ക് പറയാൻ സാധിക്കും.
വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാർ നാട്ടിൽ നിൽക്കാതെ പോയാൽ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറും. ഈ വിഷയം സഭ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
മാത്യു കുഴൽനാടന് മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കേരളത്തിലെ സ്റ്റാർട്ടപ്പ് സംവിധാനം ലോകത്തിലെ ആദ്യ അഞ്ചിൽ ഉൾപ്പെട്ടതാണെന്ന് വ്യക്തമാക്കി. കേരളത്തിലെ നഗരങ്ങൾ ജീവിത ഭദ്രതയുള്ളതായി ചെറുപ്പക്കാർ കാണുന്നുവെന്നും മന്ത്രി ആർ. ബിന്ദു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.