കഴക്കൂട്ടം: അഞ്ചരക്കോടി രൂപ മുടക്കി നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ജനങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന നഗരസഭയുടെ പൗണ്ട് കടവ് പാർക്ക് മേയർ ആര്യാ രാജേന്ദ്രൻ വീണ്ടും ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്നുകൊടുത്തു. 'മാധ്യമം'വാർത്തയെ തുടർന്നാണ് നടപടി. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിലാണ് പാർക്ക് നിർമിച്ചത്.
ദേശീയ ജലപാതയായ പാർവതീ പുത്തനാറിനും തീരദേശ പാതക്കും ഇടയിലുള്ള ഭൂമിയിൽ മാലിന്യ നിക്ഷേപത്തിൽ പൊറുതി മുട്ടിയപ്പോഴാണ് അന്ന് മേയറായിരുന്ന വി.കെ. പ്രശാന്ത് ഇവിടം ഒരു പാർക്കിനായി പദ്ധതി കൊണ്ടുവന്നത്.
തുടർന്നാണ് അമൃത് പദ്ധതിയുടെ ഭാഗമായി അഞ്ചരക്കോടി രൂപക്ക് ഒരു ഹരിത ഇടം ഒരുക്കാൻ നഗരസഭ തീരുമാനിച്ചത്. പദ്ധതിക്കായി വി.എസ്.എസ്.സി 16 സെന്റ് സ്ഥലം നഗരസഭക്ക് കൈമാറി. 500ൽ അധികം ഇനം ചെടികളും മരങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തത്.
ഒന്നര കിലോമീറ്റർ സൈക്കിൾ ട്രാക്ക്, ടോയ്ലറ്റ് കോംപ്ലക്സ്, നടപ്പാത, എക്സിബിഷൻ സെന്റർ, അഗ്രോ ബസാർ, ലാൻഡ് സ്കേപ് എന്നിവ പദ്ധതിയിലുണ്ട്. സൈക്കിൾ പാർക്കും നടപ്പാതയും ടോയ്ലെറ്റ് കോംപ്ലക്സും നിർമിച്ച് നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും മറ്റു ജോലികൾ പൂർത്തിയായിരുന്നില്ല. പാർക്ക് തുറക്കാത്തതു കാരണം ശൗചാലയത്തിലെ പൈപ്പുകൾ കാണാനില്ലായിരുന്നു. പ്രദേശമാകെ കാടുപിടിച്ച് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമായി മാറി.
പ്രദേശത്തെ മാലിന്യ നിക്ഷേപം പഴയതിനെക്കാൾ രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.