മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് പിടികൂടിയ അജ്മൽ

കൊറിയർ വഴി മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ

അങ്കമാലി: മുംബെയിൽ നിന്ന് കൊറിയർ വഴി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്ന് കൈപ്പറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. ചെങ്ങമനാട് നീലാത്ത് പള്ളത്ത് വീട്ടിൽ അജ്മലാണ് (24) ജില്ല റൂറൽ എസ്.പിയുടെ നിർദേശത്തെ തുടർന്ന് അങ്കമാലി പൊലീസിന്‍റെ പിടിയിലായത്.

200ഗ്രാം എം.ഡി.എം.എ, 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയടക്കം അങ്കമാലിയിലെ സ്വകാര്യ കൊറിയർ വഴിയാണെത്തിയത്. എം.ഡി.എം.എക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും. മുംബൈയിൽ നിന്ന് രാഹുൽ എന്നയാളുടെ മേൽവിലാസത്തിലാണ് മയക്കുമരുന്ന് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജില്ല റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലി സി.ഐ പി.എം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് കൊറിയർ സ്ഥാപനത്തിൽ അതീവ രഹസ്യമായി കാത്തുനിന്നു. അതിനിടെ കാറിലെത്തിയ യുവാവ് കൊറിയർ സ്ഥാപനത്തിലെത്തി മയക്കുമരുന്നുകളുടെ പാക്കറ്റുകൾ ഏറ്റുവാങ്ങി രഹസ്യമായി ഒളിപ്പിച്ച ശേഷം പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. അതോടെ പൊലീസ് വളഞ്ഞ് പിടിക്കുകയായിരുന്നു. കൂടുതൽ പരിശോധന നടത്തിയാണ് ബ്ലുടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുവച്ച മയക്കുമരുന്നുകൾ പൊലീസ് കണ്ടെടുത്തത്.

അജ്മൽ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റൗഡി ലിസിറ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടപ്പടി - ആലങ്ങാട് റോഡിൽ ആയുർവേദ മരുന്നുകടക്ക് സമീപം 20 ലക്ഷത്തിലധികം വില വരുന്ന 200 ഗ്രാം എം.ഡി.എം.എ ജില്ലാ റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കാറിൽ കടത്തുകയായിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അങ്കമാലി എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐമാരായ റെജിമോൻ, സുരേഷ് കുമാർ എസ്.സി.പി.ഒമാരായ അജിത് കുമാർ, മഹേഷ്, അജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് പിടികൂടുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. അന്വേഷണവും പരിശോധനയും വ്യാപിപ്പിക്കുമെന്നും ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും എസ്.പി പറഞ്ഞു.

Tags:    
News Summary - A young man was arrested for smuggling drugs through courier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.