തിരുവനന്തപുരം: പഠിക്കാനുള്ള അവകാശത്തിനായി ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം നടത്തുന്ന സഹനസമര വീൽചെയർ യാത്ര തലസ്ഥാനത്ത്. കോഴിക്കോട് വെളിമണ്ണ ഗവ. യു.പി സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് താൻ ചൊവ് വാഴ്ച മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് ആസിം പറഞ്ഞു. സ്കൂൾ അപ്ഗ്രേഡ് ചെയ്താൽ കൂടുതൽ കുട്ടികൾക്ക് പഠിക്കാം. ഇക്കാര്യം സർക്കാർ ഗൗരവത്തോടെ എടുക്കണമെന്നാണ് ആസിമിെൻറ ആവശ്യം.
യാത്രയിലുടനീളം ഒരുപാട് ആളുകൾ സ്വീകരണം നൽകി. തുടർപഠനം വഴിമുട്ടിയ അവസ്ഥയിലാണ് പോരാട്ടത്തിനിറങ്ങിയത്. മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഹൈകോടതിയും തന്നോടൊപ്പം നിന്നു. സർക്കാർ കരുണ കാണിക്കണമെന്നും ആസിം പറഞ്ഞു. 90 ശതമാനം ഭിന്നശേഷിക്കാരനായ ആസിം നടത്തുന്ന സഹനസമരം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാത്രാസമാപനം സെക്രേട്ടറിയറ്റിനുമുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ആസിം നേരേത്ത കാൽകൊണ്ട് എഴുതിയ കത്ത് അയച്ചിരുന്നു. ഹൈകോടതി പറഞ്ഞിട്ടും സർക്കാർ കേൾക്കുന്നില്ല. കേരളീയസമൂഹം ഒറ്റക്കെട്ടായി ആസിമിന് പിന്നിൽ അണിനിരന്നിട്ടുണ്ടെന്ന് സർക്കാർ ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കേസിൽ സർക്കാർ അപ്പീൽ പോയത് ശരിയായില്ലെന്ന് അധ്യക്ഷത വഹിച്ച വി.എം. സുധീരൻ പറഞ്ഞു. ഈ കുട്ടിക്ക് നീതി നിഷേധിച്ചാൽ ഭരണകൂടം പശ്ചാത്തപിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജവഹർ ബാലവേദി പ്രവർത്തകർ പാഠപുസ്തകങ്ങൾ നൽകി പിന്തുണ പ്രഖ്യാപിച്ചു. ജി.ബി. ഹരി, സലാഹുദ്ദീൻ, ഹാരിസ് രാജ്, ഡോ.നൗഷാദ് തെക്കയിൽ, കരിം പാലാ, കുഞ്ഞിമൊയ്തീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
ജന്മനാ ഇരുകൈകളും ഇല്ലാത്ത, കാലിന് വൈകല്യമുള്ള തനിക്ക് പഠനം തുടരാൻ വെളിമണ്ണ എൽ.പി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ഏഴാം ക്ലാസുവരെ പഠിച്ച വെളിമണ്ണ സ്കൂളിൽനിന്ന് ആസിം യാത്ര തുടങ്ങിയത്. ആസിമിെൻറ വീടിനടുത്തുള്ള സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ പോയ സാഹചര്യത്തിലായിരുന്നു പ്രതിഷേധയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.