മഞ്ചേശ്വരം: പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖി (32) നെ തട്ടിക്കൊണ്ടുപോയശേഷം മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ കർണാടകയിലേക്ക് കടന്നു. പൈവളിഗെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക സംഘത്തിൽപ്പെട്ട 10 പേർ ചേർന്നാണ് സിദ്ദീഖിനെ മർദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് റയീസ് (33), നൂർഷാ (32), മുഹമ്മദ് ഷാഫി (31), ശിഹാബ് (32) എന്നിവർ ഉൾപ്പെടെയുള്ള 10 പേർ കേസിൽ പ്രതികളാവുമെന്ന് പൊലീസ് സൂചന നൽകി. സിദ്ദീഖിന്റെ സഹോദരൻ അൻവറിന്റെ പരാതിയിലാണ് കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
കൊലക്കുശേഷം ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം ഉപേക്ഷിച്ചു രക്ഷപ്പെട്ട പ്രതികളിൽ രണ്ടു പേരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൈവളിഗെ, ബായാർ, മുഗു എന്നിവിടങ്ങളിലെ യുവാക്കളാണ് കൊലയിൽ നേരിട്ട് പങ്കാളികളായത്.
കൃത്യം നടന്ന പൈവളിഗെ ബോളങ്കല പ്രദേശം മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് മഞ്ചേശ്വരത്തേക്ക് മാറ്റും. നിലവിൽ കുമ്പള സി.ഐ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കാസർകോട് പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മഞ്ചേശ്വരം സ്വദേശിയെന്ന് പൊലീസ്. വിദേശത്തേക്ക് ഡോളർ കടത്തുന്ന ഇയാൾക്കുവേണ്ടി സിദ്ദീഖ് ഒരു തവണ ഡോളർ കൊണ്ടുപോയിരുന്നു. ഡോളർ കടത്തിന് കാസർകോട് സ്വദേശിയായ മറ്റൊരു യുവാവിനെ സിദ്ദീഖ് മഞ്ചേശ്വരം സ്വദേശിക്ക് പരിചയപ്പെടുത്തിയിരുന്നു. കാസർകോട് സ്വദേശിക്ക് നൽകിയ ഡോളർ പക്ഷേ, യഥാസ്ഥാനത്ത് എത്തിയില്ല.
ഡോളർ നഷ്ടപ്പെട്ട മഞ്ചേശ്വരം സ്വദേശി ഇതു തിരിച്ചുകിട്ടാൻ രണ്ടുലക്ഷം രൂപക്ക് പൈവളിഗെയിലെ അധോലോക സംഘത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. സിദ്ദീഖിന്റെ ജ്യേഷ്ഠൻ അൻവർ (45), സുഹൃത്ത് അൻസാരി (40) എന്നിവരെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുവന്നിരുന്നു. വീട്ടിൽ അന്വേഷണം വരാൻ സാധ്യത ഉള്ളതിനാൽ രണ്ടു പേരും കറങ്ങാൻ പോവുകയാണെന്നും നാല് ദിവസം കഴിഞ്ഞേ തിരിച്ചുവരുകയുള്ളൂ എന്നും വീട്ടിലേക്ക് ഫോൺ വന്നു. ഇങ്ങനെ പറയാൻ ഭീഷണിപ്പെടുത്തി ഫോൺ വിളിപ്പിച്ചുവെന്നാണ് പറയുന്നത്. പിന്നീട് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലെത്തിക്കുകയും ഞായറാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയി ബോളങ്കല ഗ്രൗണ്ടിൽവെച്ചു മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.