പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ വിജയനെതിരെയും ഗുരുതര ആക്ഷേപവുമായി മുസ്ലിം ലീഗ് നേതാവ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ് മന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും രൂക്ഷ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.
റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ അബ്ദുറഹ്മാന് കല്ലായിയുടെ പ്രസംഗം. 'ആരാടോ ഭാര്യ… ഇത് വിവാഹമാണോ... വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്‍റേടവും വേണം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംഭവം വിവാദമാവുകയും നിരവധി പേർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. എ.കെ.ജി ഇല്ലാത്ത സ്വർഗം വേണ്ട എന്ന് പറയുന്ന മുസ്ലിംകൾ കാഫിർ ആണെന്ന് പറഞ്ഞ അബ്ദുറഹ്മാന് കല്ലായിയുടെ കല്ലായി പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അധിക്ഷേപ വാക്കുകള്‍ ചൊരിയുന്നുണ്ട്.
മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് പുതിയാപ്ലയാണ്. എന്‍റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ... വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്‍റേടവും വേണം. സി. എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം.
സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാർ. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. സുപ്രിം കോടതിയുടെ നിരീക്ഷണത്തെ ആദ്യം സ്വാഗതം ചെയ്തതത് ഡി.വൈ.എഫ്.ഐയാണ്, കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ അതുകൂടി ഓർക്കണം.
ഷാജി ഇവിടെ പറഞ്ഞല്ലോ, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല മുസ്‍ലിം രക്തം, അങ്ങനെ പറഞ്ഞാല്‍തന്നെ ഇസ്‍ലാമില്‍ നിന്ന് പുറത്താണ്... ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്, പിന്നെ നിന്‍റെ കൊച്ചാപ്പക്കും നിന്നെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്‍റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല...
അബ്ദുറഹ്മാന് കല്ലായിയുടെ കല്ലായി നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പലകോണുകളില്‍ നിന്നായി വലിയ തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ മുസ്‍ലിം ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു മുസ്‍ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വെച്ച് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.