തൃശൂർ: ജമാഅത്തെ ഇസ്ലാമി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ ഡിസംബർ ഒന്നിന് തുടങ്ങും. ഒരുമാസം നീളുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് കൊടുങ്ങല്ലൂർ ശാന്തിപുരം എ.ആർ.വി കൺവെൻഷൻ സെന്ററിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ നിർവഹിക്കും. സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി അധ്യക്ഷത വഹിക്കും
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, അബ്ദുർറഷീദ് ഹുദവി ഏലംകുളം, ഡോ. ജാബിർ അമാനി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, പി.ടി.പി. സാജിദ, സി.ടി. സുഹൈബ്, ടി.കെ. മുഹമ്മദ് സഈദ്, അഡ്വ. തമന്ന സുൽത്താന, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ് എന്നിവർ പങ്കെടുക്കും.
കാമ്പയിനിന്റെ ഭാഗമായി കുടുംബ സദസ്സുകൾ, വിദ്യാർഥി യുവജന സംഗമങ്ങൾ, ടീനേജ് സംഗമങ്ങൾ, ഗൃഹസന്ദർശനങ്ങൾ, മസ്ജിദ്-മഹല്ല് സംഗമങ്ങൾ, സ്റ്റുഡന്റ്സ് കോർണർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ലിബറൽ ചിന്താഗതിയുടെ കടന്നുകയറ്റം കുടുംബാന്തരീക്ഷത്തിൽ ചെറുതല്ലാത്ത മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ലിബറലിസം കുടുംബഘടനയുടെ താളം തെറ്റിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവിധ പ്രചാരണ പരിപാടികളിലൂടെ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി, സംസ്ഥാന അസി. സെക്രട്ടറി ഷഹബാസ് മലിക്, ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ്, വനിത വിഭാഗം ജില്ല പ്രസിഡന്റ് ഹുദാ ബിൻത് ഇബ്രാഹിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.