തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട വായ്പപരിധിയിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തുന്ന കേന്ദ്ര നടപടി കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2023-24 സാമ്പത്തികവർഷം നടപ്പ് സാമ്പത്തിക വർഷെത്തക്കാൾ വലിയ ഞെരുക്കമാകും. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ ഉണ്ടാകാനിരിക്കുന്ന 8425 കോടിയുടെ കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയ വകയിൽ നഷ്ടപ്പെടുന്ന 5700 കോടിയും ധനസ്ഥിതിയെ ബാധിക്കും. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അനാവശ്യചെലവുകൾ ഒഴിവാക്കിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ക്ഷേമ പെൻഷനുകൾക്ക് 11101.92 കോടി രൂപയാണ് വകയിരുത്തിയത്.
അതിനിടെ, സംസ്ഥാനം അബ്കാരി ഇനത്തിലടക്കം പിരിച്ചെടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തി. 1952 മുതൽ 2011 വരെയുള്ള അബ്കാരി കുടിശ്ശിക ഇനത്തിൽ 58 കോടി രൂപയും പലിശയിനത്തിൽ 231 കോടി രൂപയും അടക്കം 289 കോടിയാണ് കുടിശ്ശിക. എസ്.ജി.എസ്.ടി വകുപ്പിന്റെ തനത് നികുതി വരുമാന കുടിശ്ശിക 13,305.88 കോടിയാണ്. ഇതിൽ 4776.57 കോടി രൂപ ഹൈകോടതി അടക്കം വിവിധ അതോറിറ്റികളുടെ സ്റ്റേയിലാണ്. ശേഷിക്കുന്ന 6821.31 കോടി റവന്യൂ റിക്കവറി നടപടിക്രമങ്ങളിലും. ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഈടാക്കാറുള്ളതിനാൽ ഈയിനത്തിൽ കുടിശ്ശിക ഉണ്ടാകാറില്ല. എന്നാൽ പിന്നീട് ആധാരത്തിൽ കാണുന്ന വില കുറവാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ അണ്ടർവാല്യുവേഷൻ നടപടിക്കായി റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇത്തരത്തിൽ 1986 മുതൽ 2023 ജനുവരി 31 വരെ 713.098 കോടി പിരിഞ്ഞുകിട്ടാനുണ്ട്. റവന്യൂ വകുപ്പിൽ വിവിധ നികുതി ഇനങ്ങളിൽ പിരിഞ്ഞുകിട്ടാനുള്ളത് 397.59 കോടിയാണ്. മോട്ടോർ വാഹനവകുപ്പിന് കിട്ടാനുള്ളത് 1000 കോടിയും. ഇതിൽ കെ.എസ്.ആർ.ടി.സിയുടെ കുടിശ്ശികയായ 1844.72 കോടി ഉൾപ്പെടുത്തിയിട്ടില്ല. നികുതി കുടിശ്ശിക അടക്കാനുള്ള ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ ഓടുന്നില്ല. ഈ വാഹനങ്ങളെക്കുറിച്ചോ ഉടമകളെക്കുറിച്ചോ ഒരു അറിവും മോട്ടോർ വാഹന വകുപ്പിനില്ല. നോട്ടീസ് കൈപ്പറ്റാൻ ആളില്ലാത്തതിനാൽ മടങ്ങിയെത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ 2901 കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി അനുവദിച്ചതെന്ന് ധനമന്ത്രി. ഇതിൽ 1780 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായി. 888 സ്കൂൾ, 11,300 ലാബുകൾ, 44,805 ഹൈടെക് ക്ലാസ് മുറികൾ എന്നിവയാണ് നിർമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 600 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കിഫ്ബിക്ക് വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന പരാമർശങ്ങൾ വസ്തുതാപരമല്ല. മോട്ടോർ വാഹന നികുതിയുടെ വിഹിതമായി 2215 കോടി രൂപയും പെട്രോളിയം സെസ് ഇനത്തിൽ 594 കോടിയും ഉൾപ്പെടെ 2809 കോടി രൂപ വകയിരുത്തി. ഇതിനുപുറെമ കോർപസ് ഫണ്ട്, മോട്ടോർ വാഹന വകുപ്പ് നികുതി വിഹിതം, പെട്രോളിയം സെസ്, ഗ്രാന്റ് എന്നീ ഇനങ്ങളിലായി 15,103.96 കോടി രൂപ നൽകി- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.