തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യത്തൊഴിലാളികൾക്ക് ‘മരണതീര’മാവുന്നതിനിടെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ അപകടങ്ങളൊഴിവാക്കുന്നതിൽ അദാനി പോർട്സ് തുടരുന്ന അനാസ്ഥക്കെതിരെ റിപ്പോർട്ട്.
അപകടങ്ങളും മരണങ്ങളും തുടർച്ചയായതോടെ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയർമാൻ അഡ്വ. എ.എ. റഷീദ് വിവിധ സർക്കാർ ഏജൻസികളോട് റിപ്പോർട്ട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് മത്സ്യബന്ധന-തുറമുഖവകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, ജില്ല കലക്ടർ, തീരദേശ പൊലീസ് ഇൻസ്പെക്ടർ ജനറൽ എന്നിവർ കമീഷന് വിശദമായ പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണവുമായി ബന്ധപ്പെട്ട് കല്ലുകൾ ബാർജിൽ കൊണ്ടുപോകാൻ അദാനി പോർട്സുമായി ഒപ്പുവെച്ച ധാരണപത്രപ്രകാരം മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശനഭാഗത്തും ചാനലിലും അഞ്ച് മീറ്ററും തുറമുഖ ബേസിനിൽ മൂന്ന് മീറ്ററും ആഴം ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
ലോഡ് ഔട്ട് സൗകര്യത്തിന്റെ പ്രവർത്തനമോ ഡ്രഡ്ജിങ് ജോലികളോമൂലം പുലിമുട്ടിനുണ്ടാകുന്ന കേടുപാടുകൾ അദാനി പോർട്സ് സ്വന്തം ചെലവിൽ പരിഹരിക്കുക, ഗൈഡ് ലൈറ്റ്, ബോയ് എന്നിവ സ്ഥാപിക്കുക തുടങ്ങിയവയും വ്യവസ്ഥ ചെയ്തിരുന്നു.
ഡ്രഡ്ജിങ് നടത്തുന്നതിനും പൊഴിയിൽ ചിതറിക്കിടക്കുന്ന കല്ലുകൾ നീക്കുന്നതിനും അദാനി പോർട്സിന് നിരവധി തവണ നിർദേശം നൽകിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതുകാരണം ചാനലിന്റെ ആഴം കുറയുകയും മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കുകയുമായിരുന്നെന്ന് സർക്കാർവകുപ്പുകളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മത്സ്യത്തൊഴിലാളികളുടെ ജിവന് ഭീഷണിയായി ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രാപോഡുകളും നീക്കണമെന്നും മത്സ്യബന്ധനമന്ത്രി, ദുരന്തനിവാരണ അതോറിറ്റി, ഹാർബർ എൻജിനീയറിങ് വകുപ്പ്, മത്സ്യബന്ധനവകുപ്പ് സെക്രട്ടറി, മത്സ്യബന്ധനവകുപ്പ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടും അദാനി പോർട്സിന്റെ ഭാഗത്തുനിന്ന് പൂർണസഹകരണം ഉണ്ടായില്ല.
ഇത് യാനങ്ങൾ അപകടത്തിൽപെടുന്നതിനും മരണത്തിനും കാരണമായി റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി അദാനി പോർട്സുമായി നടത്തിയ ചർച്ചയിൽ ചാനലിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചത് വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അടിയന്തരമായി മണ്ണ് നീക്കി ആഴം അഞ്ച് മീറ്റർ ഉറപ്പാക്കിയില്ലെങ്കിൽ മൺസൂൺകാലത്ത് വള്ളങ്ങൾ അപകടത്തിൽപെടുന്നതിന് സാധ്യത വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ന്യൂനപക്ഷ കമീഷൻ വിഷയത്തിൽ ആവശ്യമായ തുടർനടപടികളുടെ നിർദേശം സർക്കാറിന് സമർപ്പിക്കും. മത്സ്യബന്ധനമേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളുമായി ചർച്ച ചെയ്താവും കമീഷൻ നിലപാടെടുക്കുകയെന്ന് ചെയർമാൻ അഡ്വ. എ.എ. റഷീദ് പറഞ്ഞു.
അതേസമയം, മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളടങ്ങിയ പദ്ധതി കേന്ദ്രസർക്കാർ പരിണനയിലാണ്. നിരന്തര അപകടങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്തി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്. റിപ്പോർട്ട് പ്രകാരം തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കണമെന്നതടക്കം അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെ 164 കോടി രൂപയുടെ പദ്ധതി രൂപരേഖയാണ് തയാറാക്കിയത്.
ഇത് സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തോടെ പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതിക്കായി കേന്ദ്രസർക്കാറിന് നൽകിയത്. അനുമതി ലഭിക്കുന്ന മുറക്ക് നിർമാണപ്രവർത്തനം ഒന്നരവർഷംകൊണ്ട് പൂർത്തീകരിക്കാനാവുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ കമീഷന് നൽകിയ റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.