എ. ബിജുനാഥ്
കോഴിക്കോട്: അഴിമതിയും കൈക്കൂലിയും കുറക്കാനുള്ള നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. ലേണിങ് ടെസ്റ്റ് അടിമുടി പരിഷ്കരിക്കാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരിലെ അഴിമതിക്കും കൈക്കൂലിക്കും തടയിടാനും നടപടി കർശനമാക്കിയത്. വീടും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നതിനും വിൽക്കുന്നതിനും മുൻകൂർ അനുമതി തേടണമെന്നാണ് പുതിയ ഉത്തരവ്. ഇതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സീനിയർ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിൽ പറയുന്നു.
സ്വത്ത് വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്ന ജീവനക്കാരൻ സർക്കാറിനെ അറിയിക്കണമെന്ന് പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹനവകുപ്പിലെ പല ഉദ്യോഗസ്ഥരും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നത് ഏറിവരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ഇടപാടുകൾക്ക് അനുമതി ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സാമ്പത്തിക സ്രോതസ്സ് സാധൂകരിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന വാങ്ങുന്ന കൈക്കൂലി ബിനാമികളായ ബന്ധുക്കളുടെയോ ഭാര്യമാരുടെയോ പേരിൽ നിക്ഷേപം നടത്തുകയോ വസ്തുവകകൾ വാങ്ങുകയോ ചെയ്യുകയാണ്. ബിനാമികളിലൂടെ വാഹനങ്ങൾ വാങ്ങി സർവിസ് നടത്തുന്ന ഉദ്യോഗസ്ഥരുണ്ടെന്ന വിവരവും വകുപ്പിന് ലഭിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവും അഴിമതി തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ്. എം.വി.ഐ, എ.എം.വി.ഐ എന്നിവരെ മേലധികാരികളുടെ അനുവാദമില്ലാതെ കാണുന്നത് വിലക്കിയ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിനെ തുരങ്കംവെക്കാൻ സേനക്കുള്ളിൽതന്നെ നീക്കമാരംഭിച്ചിട്ടുണ്ട്.
സാങ്കേതിക വൈദഗ്ധ്യമില്ലാത്ത പി.ആർ.ഒമാർക്ക് (പബ്ലിക് റിലേഷൻ ഓഫിസർ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയില്ലെന്നും ഇത് തുഗ്ലക്ക് പരിഷ്കരണമാണെന്നുമാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. മോട്ടോർ വാഹനവകുപ്പ് പൂർണമായി കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ടെങ്കിലും വാഹനം/ലൈസൻസ് എന്നിവ സംബന്ധിച്ച പല സേവനങ്ങൾക്കും ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഇത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് പണപ്പിരിവിന് അവസരം സൃഷ്ടിക്കുന്നു. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന അപേക്ഷകർക്കും ഇടത്തട്ടുകാർക്കും പൊതുജനങ്ങൾക്കും പി.ആർ.ഒ മുമ്പാകെ മാത്രമേ ഇനി സന്ദർശനം അനുവദിക്കുകയുള്ളൂ. സെക്ഷനുകളിൽ പ്രവേശിപ്പിക്കില്ല. അപേക്ഷകളിൽ കൂടുതൽ വ്യക്തത ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം ഓഫിസ് മേധാവിയെ കാണാൻ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.