കോഴിക്കോട് : പാലക്കാട് കോഴിപ്പതി വില്ലേജ് ഓഫിസിലെ മുൻ ജീവനക്കാർക്കെതിരെ നടപടി. ഉദ്യോഗസ്ഥരുടെ രണ്ട് വാർഷിക വേതന വർധനവ് രണ്ട് വർഷത്തേക്ക് തടഞ്ഞാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. കുറ്റാരോപിതരായ വില്ലേജ് അസിസ്റ്റൻറ് എ. ഷൺമുഖൻ വില്ലേജ് ഓഫീസറായിരുന്ന എസ്. രാമചന്ദ്രൻ എന്നിവർക്കെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച് ഉത്തരവായത്.
കോഴിപ്പതി വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വില്ലേജ് അസിസ്റ്റന്റായ എ.ഷൺമുഖന്റെ കൈവശം പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ ഡിക്ലയർ ചെയ്യാതെ 2.300 സൂക്ഷിച്ചുവെന്ന് കണ്ടെത്തി. വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ആയ ആർ. മനോജ്കുമാറിന്റെ മേശയുടെ വലിപ്പിൽ പേപ്പറുകൾക്കിടയിൽനിന്നും ചുരുട്ടി ഒളിപ്പിച്ചുവെച്ച നിലയിൽ 700 കണ്ടെത്തി. ഓൺലൈൻ ആയുള്ള പോക്കുവരവ് അപേക്ഷകൾ പരിശോധിച്ചതിൽ 2022 നവംമ്പർ 23 മുതലുള്ള പത്ത് പോക്കുവരവ് അപേക്ഷകൾ പെൻഡിങ്ങ് ഉള്ളതായും 2022 സെപ്തംബർ 27 മുതലുള്ള 36 തണ്ടപ്പേപ്പർ അപേക്ഷകൾ യാതൊരു തുടർനടപടികളും സ്വീകരിക്കാതെ പെൻഡിങ് ഉള്ളതായും വ്യക്തമായി.
അതുപോലെ താലൂക്ക് ഓഫീസിൽ നിന്നും വില്ലേജ് ഓഫീസിലേക്ക് വിൽപന നടത്തി തുക അടക്കുവാൻ നിർദേശിച്ച സ്റ്റാമ്പ് തുകയിൽ 1800 കുറവുള്ളതായും കണ്ടെത്തി. ഈ ക്രമമക്കടുകൾക്ക് ഉത്തരവാദികളായ വില്ലേജ് അസിസ്റ്റൻറ് എ. ഷൺമുഖൻ, വില്ലജ് ഫീൽഡ് അസിസ്റ്റന്റ് ആർ. മനോജ് കുമാർ, വില്ലേജ് ഓഫീസർ എസ്. രാമചന്ദ്രൻ എന്നിവർ കുറ്റക്കാരാണെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വിജിലൻസ് 202 3ൽ ശിപാർശ നൽകി.
കുറ്റാരോപിതരുടെ വിശദീകരണങ്ങൾ പരിശോധിച്ചതിൽ പ്രഥമദൃഷ്ട്യാ തന്നെ വീഴ്ചയുണ്ടായിയെന്ന് ബോധ്യപ്പെട്ടു. 2300 രൂപ തിരക്കുമൂലമാണ് ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ എഴുതാൻ വിട്ടുപോയത് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല. വില്ലേജ് ഓഫീസുകളിൽ ദിവസവും തിരക്ക് ഉണ്ടാവുക സാധാരണമാണ്. വില്ലേജ് രജിസ്റ്ററിൽ രേഖപ്പെടുത്തൽ വരുത്താതിരിക്കുന്നതിന് വ്യക്മായി മറുപടി നൽകാൻ ഉദ്യോഗർസ്ഥർക്ക് കഴിഞ്ഞില്ല. ശിശുദിന സ്റ്റാമ്പ് വിറ്റ തുക അലമാരയിൽ ഉണ്ടായിരുന്നെങ്കിൽ വിജിലൻസ് പരിശോധന സമയത്ത് കുറ്റാരോപിതന് അത് വിജിലൻസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു.
അതിനാൽ കുറ്റാരോപിതർ ബോധിപ്പിച്ച ഇക്കാര്യത്തിലെ വാദങ്ങൾ ദുർബലമാണെന്ന് സർക്കാർ വിലയിത്തി. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയിരുന്ന ആർ. മനോജ് കുമാർ മരണപ്പെട്ട സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരായ വകുപ്പുതല അച്ചടക്കനടപടി ഉപേക്ഷിച്ചു. ശിക്ഷാ സംബന്ധിയായ വിവരങ്ങൾ കുറ്റാരോപിതരുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്താൻ ലാൻഡ് റവന്യൂ കമീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.