കെ.ടി.യു മുൻ വി.സിക്കെതിരായ നടപടി തടഞ്ഞ വിധിക്കെതിരെ സർക്കാർ അപ്പീലിന്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) മുൻ വി.സി ഡോ. സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നു. സിസാ തോമസ് സർക്കാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി കഴിഞ്ഞ മാർച്ചിൽ വിരമിച്ചെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞിരിക്കുകയാണ്. മുൻ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാണ് ഗവർണർ സർക്കാർ ശിപാർശ തള്ളി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയന്‍റ് ഡയറക്ടറായിരുന്ന സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്.

ഇതിനെതിരെ സർക്കാർ ഹൈകോടതിയ സമീപിച്ചെങ്കിലും നിയമനം കോടതി റദ്ദാക്കിയില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥയായിരിക്കെ സർക്കാർ അനുമതിയില്ലാതെ വൈസ് ചാൻസലറുടെ അധിക ചുമതല ഏറ്റെടുത്തത് ചൂണ്ടിക്കാട്ടി സിസക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികൾ തുടരാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് സിസ ഹൈകോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകിയതായി വിവരാവകാശ നിയമപ്രകാരം സിസ തോമസിനെ അറിയിക്കുകയായിരുന്നു. വിരമിച്ച് പത്ത് മാസം പിന്നിട്ടിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സാഹചര്യത്തിലായിരുന്നു ഇതുസംബന്ധിച്ച് സിസ തോമസ് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. അഞ്ച് മാസമാണ് സിസ തോമസ് വി.സിയുടെ ചുമതല വഹിച്ചത്. സർക്കാറുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഗവർണറുടെ നടപടി അംഗീകരിച്ച വിധിക്കെതിരെ സർക്കാർ വീണ്ടും കോടതിയിലേക്ക് നീങ്ങുന്നത്.

Tags:    
News Summary - Action against KTU former VC Government to appeal against stayed verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.